സിജു വിൽസണിനെ നായകനാക്കി വിനയൻ ഒരുക്കുന്ന ചരിത്രസിനിമയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകനായുള്ള സിജു വിൽസണിന്‍റെ മേക്കോവർ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നർത്തകിയും വിദ്യാസമ്പന്നയും ദുരാചാരങ്ങൾക്കെതിരെ പ്രതികരിക്കുകയും ചെയ്‌ത സാവിത്രി തമ്പുരാട്ടിയായി പത്തൊമ്പതാം നൂറ്റാണ്ടിലെത്തുന്നത് നടി ദീപ്‌തി സതിയാണ്. സാവിത്രി തമ്പുരാട്ടിയുടെ ക്യാരക്‌ടർ പോസ്റ്റർ റിലീസ് ചെയ്‌തുകൊണ്ട് കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ വിനയൻ.
ലാൽ ജോസിന്‍റെ നീ-ന ആയി മലയാളിയുടെ പ്രിയങ്കരിയായ ദീപ്‌തി സതിയെ വളരെ വ്യത്യസ്‌തമായ ലുക്കിലാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
ക്യാരക്‌ടർ പോസ്റ്ററിനൊപ്പം വിനയൻ കുറിച്ചത്...
'പ്രിയതാരം ദീപ്‌തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ പോസ്റ്ററിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്..
വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകിയും കൂടി ആയിരുന്നു.. ആ കാലഘട്ടത്തിൽ തിരുവിതാംകൂറിലെ താണജാതിക്കാർ അയിത്തത്തിന്‍റെ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ് വല്ലാതെ ആകുലപ്പെട്ടു..
അതേ സമയം തന്നെ തീണ്ടലിന്‍റെയും തൊടീലിന്‍റെയും പേരിൽ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവർത്തികൾക്കെതിരെ ആറാട്ടു പുഴയിൽ നിന്ന് ഒരാൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു..
അധ:സ്ഥിതർക്കുവേണ്ടി മുഴങ്ങി കേട്ട ആ ശബ്‌ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു.. വേലായുധനെ നേരിൽകണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെ ഉണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു..
More Read: ചരിത്ര നായകനായി സിജു വിൽസൺ; വിനയൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്‌ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്ക് പക്ഷേ നേരിടേണ്ടി വന്നത് അഗ്നി പരീക്ഷകളായിരുന്നു. ദീപ്‌തി സതി എന്ന അഭിനേത്രി പ്രതീക്ഷകൾക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവൻ നൽകി,' എന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്‌ണ, ടിനി ടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്‌തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍കൃഷ്‌ണ, വിഷ്‌ണു ഗോവിന്ദ്, സ്‌ഫടികം ജോര്‍ജ്, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്‌ണ തുടങ്ങി അൻപതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
ഇരുപതാം നൂറ്റാണ്ടിനെ ഫ്രെയിമിലേക്ക് പകർത്തുന്നത് ഷാജികുമാറാണ്. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റർ. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം ഒരുക്കുന്നു.