വിക്രം ചിത്രം കോബ്ര പല കാരണങ്ങളാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. അതില്‍ പ്രധാനപ്പെട്ട് വിക്രം 20 ലുക്കുകളില്‍ ചിത്രത്തില്‍ എത്തുന്നുവെന്നതാണ്. ഇപ്പോള്‍ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
പുതിയ ലുക്കില്‍ കണ്ണാടിക്ക് മുന്നിലിരിക്കുന്ന വിക്രമാണ് ഫോട്ടോയിലുള്ളത്. ചിയാനാണെന്ന ഒരു സൂചനയും ലഭിക്കാത്ത വിധമാണ് താരത്തിന്‍റെ മേക്കോവർ. ചിത്രത്തിന്‍റെ സംവിധായകന്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം പങ്കുവെച്ചത്. 'ജോലിയിലേക്ക് തിരികെയെത്താൻ കാത്തിരിക്കാനാവില്ല' എന്ന് കുറിച്ചുകൊണ്ടാണ് അജയ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഫോട്ടോയിലുളളത് വിക്രമാണെന്ന് ആര്‍ക്കും പെട്ടെന്ന് കണ്ടുപിടിക്കാനാവില്ല.
വിക്രമിന്‍റെ കോബ്ര
കഴിഞ്ഞ മാര്‍ച്ചിലാണ് റഷ്യയില്‍ ഷൂട്ടിങ്ങിലായിരുന്ന വിക്രം അടങ്ങുന്ന കോബ്ര ടീം ഇന്ത്യയില്‍ തിരിച്ചെത്തിയത്. കൊറോണ വൈറസിന്‍റെ വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സംഘത്തിന്‍റെ മടങ്ങല്‍. ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം 2020 അവസാനമായപ്പോഴേക്കും ഷൂട്ട് വീണ്ടും തുടങ്ങി. പക്ഷേ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഷൂട്ട് വീണ്ടും നിര്‍ത്തിവെച്ചു.
Also read:'അനുഗ്രഹീതമായ 52 വര്‍ഷങ്ങള്‍', പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷ്ണ കുമാര്‍
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് കോബ്ര. 2021 ജനുവരിയില്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരുന്നു. വിക്രമിന് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍, ശ്രീനിധി ഷെട്ടി, കെ.എസ് രവികുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എ.ആർ റഹ്മാനാണ് സംഗീതം. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ്.എസ് ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണനാണ് നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഭുവൻ ശ്രീനിവാസൻ നിര്‍വഹിക്കുന്നു. ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായനുടേതാണ്.