മാസ്റ്റർ പ്രദർശനത്തിനെത്താൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ചിത്രത്തിലെ ദൃശ്യങ്ങൾ ചോർന്നു. വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗങ്ങളാണ് ഇന്‍റർനെറ്റിൽ ചോർന്നത്.
സിനിമയിലെ ദൃശ്യങ്ങൾ ചോർന്ന വിവരം സംവിധായകൻ തന്നെയാണ് അറിയിച്ചത്. എന്നാൽ, സിനിമയ്‌ക്ക് പിറകിൽ നീണ്ട വർഷത്തെ പ്രയത്‌നമുണ്ടെന്നും അതിനാൽ തന്നെ ലീക്കായ ദൃശ്യങ്ങൾ പങ്കുവെക്കരുതെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കി.
"പ്രിയപ്പെട്ട എല്ലാവർക്കും, മാസ്റ്ററെ നിങ്ങളിലേക്ക് കൊണ്ടുവന്നത് ഒന്നര വർഷത്തെ നീണ്ട പോരാട്ടത്തിലൂടെയാണ്. അത് നിങ്ങൾ തിയേറ്ററുകളിൽ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ്. സിനിമയിൽ നിന്ന് ചോർന്ന ദൃശ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കിടരുതെന്ന് അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി, ഇനി ഒരു ദിവസം കൂടി മാത്രം," ലോകേഷ് കനകരാജ് കുറിച്ചു.
ആയിരക്കണക്കിന് ആളുകളുടെ അധ്വാനം ചിത്രത്തിന് പിന്നിലുണ്ടെന്നും ലീക്കായ ദൃശ്യങ്ങൾ പ്രചരിക്കുന്നത് കണ്ടാൽ അത് ഉടനെ റിപ്പോർട്ട് ചെയ്യണമെന്നും മാസ്റ്ററിന്‍റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ട്വിറ്ററിലൂടെ അഭ്യർഥിച്ചു. block@piracy.com എന്ന സൈറ്റിലൂടെ ഇത്തരത്തിലുള്ള വാർത്ത അറിയിക്കണമെന്നാണ് അനിരുദ്ധ് അറിയിച്ചത്.
150 കോടി മുതല്‍ മുടക്കില്‍ നിർമിച്ച മാസ്റ്റർ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ആദ്യം റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ, ചിത്രം തിയേറ്ററിൽ തന്നെ ആസ്വദിക്കണമെന്ന അണിയറപ്രവർത്തകർ തീരുമാനിച്ചതിനാൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്‌തില്ല. കൊവിഡ് മാനദണ്ഡൾ പാലിച്ച് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതിനെ തുടർന്ന് പൊങ്കൽ റിലീസായാണ് മാസ്റ്റർ പ്രദർശനത്തിന് എത്തിക്കുന്നത്. മാളവിക മോഹന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരാണ് മാസ്റ്ററിലെ മറ്റ് പ്രധാന താരങ്ങള്‍.