ചെന്നൈ:നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്ത് എഐഎഡിഎംകെ- ബിജെപി സഖ്യം വിട്ടു. വിജയകാന്തിന്‍റെ നേതൃത്വത്തിലുള്ള ഡിഎംഡികെ , എഐഎഡിഎംകെ- ബിജെപി സഖ്യത്തിൽ നിന്നും മാറിയെന്ന് താരത്തിന്‍റെ ട്വിറ്റർ പേജിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
വിജയകാന്ത് എൻഡിഎ സഖ്യം വിട്ടു
തെരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ട സീറ്റുകൾ ലഭിക്കാത്തതിനെ തുടർന്നാണ് വിജയകാന്തിന്‍റെ ഡിഎംഡികെ പാർട്ടി എഐഎഡിഎംകെ- ബിജെപി സഖ്യം വിട്ടത്.
പാർട്ടി ആവശ്യപ്പെട്ട സീറ്റുകളോ മണ്ഡലങ്ങളോ ലഭിക്കാത്തതിനാലാണ് സഖ്യം വിടുന്നതെന്ന് ഡിഎംഡികെ അറിയിച്ചു. എഐഎഡിഎംകെയുമായി മൂന്ന് തവണ ചർച്ച നടത്തിയെങ്കിലും വേണ്ടത്ര സീറ്റുകൾ ലഭിച്ചില്ല. വരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ 23 സീറ്റുകള്‍ ഡിഎംഡികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 15 സീറ്റുകൾ മാത്രമാണ് അനുവദിച്ചത്. ഇതേ തുടർന്നാണ് ഡിഎംഡികെ എൻഡിഎ സഖ്യം വിട്ടത്.
അതേ സമയം, വിജയകാന്ത് കമൽ ഹാസന്‍റെ പാർട്ടിയുമായി ചേരുമെന്നും സൂചനയുണ്ട്. എന്നാൽ, പാർട്ടിയുടെ ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും വിജയകാന്ത് ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.