തെലുങ്ക്, കന്നഡ റീമേക്കുകൾക്ക് ശേഷം തമിഴ് ചിത്രം 96' ഹിന്ദിയിലേക്കുമെത്തുന്നു. വിജയ് സേതുപതി, തൃഷ എന്നിവരെ ജോഡിയാക്കി സി പ്രേംകുമാർ സംവിധാനം ചെയ്‌ത റൊമാന്‍റിക് ചിത്രം 2018ൽ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. 1996ലെ സ്‌കൂൾ ബാച്ചിന്‍റെ, 22 വർഷങ്ങൾക്ക് ശേഷമുള്ള റീയൂണിയനും പ്രണയവുമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.
ഭാഷകൾ കടന്ന് സ്വീകാര്യത ലഭിച്ച 96'ന് തൊട്ടടുത്ത വർഷങ്ങളിൽ തെലുങ്കിലും കന്നഡയിലുമായി റീമേക്കുകൾ വന്നു. സിനിമക്ക് ബോളിവുഡ് പതിപ്പും ഒരുങ്ങുന്നവെന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഹിന്ദി ചലച്ചിത്ര നിർമാതാവ് അജയ് കപൂറാണ് ബോളിവുഡ് റീമേക്കിനെ കുറിച്ച് പ്രഖ്യാപിച്ചത്. ഭാഷയോ മതമോ അതിർവരമ്പുകൾ തീർക്കാതെ, 96' എന്ന ചിത്രത്തിന്‍റെ കഥയ്‌ക്ക് സഞ്ചരിക്കാനാകുമെന്നും അതാണ് സിനിമയ്‌ക്ക് ഹിന്ദി പതിപ്പ് ഒരുക്കാൻ തനിക്ക് പ്രചോദനമായതെന്നും അജയ് കപൂർ പറഞ്ഞു. എന്നാൽ, ഹിന്ദിയിൽ ആരാണ് റാമും ജാനുവുമായി വരുന്നതെന്നോ, സംവിധായകനെ കുറിച്ചോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
More Read: ജാനു കലക്കും; സാമന്തക്ക് ആശംസകളുമായി തൃഷ
96'ന് ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നുവെന്ന വാർത്തയിൽ വിജയ് സേതുപതിയും പ്രതികരണം അറിയിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന കഥയുടെ ഭാഗമായതിൽ, ഒരു നടനെന്ന നിലയിൽ വളരെയധികം സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. 96' തനിക്ക് മനോഹരമായ ഒരു അനുഭവമായിരുന്നുവെന്നും, ഹിന്ദി റീമേക്കിനായി അജയ് കപൂറിന് എല്ലാവിധ ഭാവുകളും നേരുന്നതായും വിജയ് സേതുപതി കൂട്ടിച്ചേർത്തു.