മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഹാസ്യനടന്‍ സൂരിയും പ്രധാനവേഷങ്ങളിലെത്തുന്ന വെട്രിമാരന്‍ സിനിമ വിടുതലൈയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ റിലീസ് ചെയ്‌തു. തമിഴിലും ഇംഗ്ലീഷിലും ചിത്രത്തിന്‍റെ പേരുകള്‍ എഴുതിയാണ് ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്‌തിരിക്കുന്നത്. ചിത്രത്തില്‍ സൂരി പൊലീസ് കോണ്‍സ്റ്റബിളായും സൂരിയുടെ കഥാപാത്രത്തിന്‍റെ പിതാവായി വിജയ് സേതുപതിയും വേഷമിട്ടിരിക്കുന്നു. ഇരുവര്‍ക്കും തുല്യപ്രാധാന്യമാണ് കഥയിലുള്ളതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെട്രിമാരന്‍ വ്യക്തമാക്കിയിരുന്നു.
പൊലീസ് യൂണിഫോം അണിഞ്ഞ് തോക്കുമേന്തി നില്‍ക്കുന്ന സൂരിയാണ് ഒരു ഫസ്റ്റ്ലുക്കിലുള്ളത്. നിരവധി പൊലീസുകാരുടെ കാവലില്‍ കൈയ്യില്‍ വിലങ്ങണിഞ്ഞ് ഇരിക്കുന്ന വിജയ് സേതുപതിയാണ് മറ്റൊരു ഫസ്റ്റ്‌ലുക്കിലുള്ളത്. ആദിവാസി ഗോത്രവർഗക്കാരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് സിനിമ സഞ്ചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും സാധ്യമല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.