നടന്‍ വിജയ്‌യുടെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. സംഭവത്തെ തുടര്‍ന്ന് ധാരാളം വ്യാജപ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അതിനെല്ലാം എതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിജയ് സേതുപതി.
നിങ്ങള്‍ക്കൊന്നും ഒരു പണിയുമില്ലേ...? മതപരിവര്‍ത്തന വിവാദവുമായി ബന്ധപ്പെട്ട് വിജയ് സേതുപതിയുടെ ട്വീറ്റ് - നടന്‍ വിജയ്
മതപരിവര്‍ത്തന വിവാദവുമായി ബന്ധപ്പെട്ട് തന്‍റെ പേരും വലിച്ചിഴക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് വിജയ് സേതുപതിയുടെ പ്രതികരണം
സംഭവത്തില്‍ തന്‍റെ പേരും വലിച്ചിഴക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് വിജയ് സേതുപതിയുടെ പ്രതികരണം. മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ് സിനിമാ താരങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്‍റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നതെന്നുമാണ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നത്. വിജയ് സേതുപതി, ആര്യ, രമേഷ്, ആരതി തുടങ്ങിയവര്‍ മതം മാറിയെന്നും പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു. തമിഴ് സിനിമാ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇനിയും റെയ്ഡ് നടക്കുമെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.
പോയി വേറെ പണി നോക്കെടാ എന്നാണ് വിജയ് സേതുപതി ഇത്തരം ആരോപണങ്ങളോടുള്ള പ്രതികരണമായി ട്വീറ്റ് ചെയ്തത്. ആരോപണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് അദ്ദേഹത്തിന്‍റെ മറുപടി. കഴിഞ്ഞ ആഴ്ചയാണ് ചെന്നൈയിലുള്ള വിജയ്‌യുടെ വീട്ടില്‍ അടക്കം ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് നടന്നത്. തുടര്‍ന്ന് നെയ്‌വേലിയില്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തി വിജയ്‌യെ കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിജയ് നായകനായ 'ബിഗില്‍' എന്ന ചിത്രത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആദായ നികുതി വെട്ടിപ്പ് ആരോപിച്ചായിരുന്നു പരിശോധനയും ചോദ്യം ചെയ്യലും.