മുത്തയ്യ മുരളീധരനായി വിജയ് സേതുപതി, 800 മോഷന്‍ പോസ്റ്റര്‍ പുറത്ത് - Sri Lankan spin legend Muttiah Muralitharan
വിജയ് സേതുപതിയെ സിനിമയ്‌ക്കായി ക്രിക്കറ്റ് പരിശീലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ്. നായികയായി എത്തുന്നത് നടി രജിഷ വിജയനാണ്
ഇതിഹാസ സ്‌പിന്നറായ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ പറയുന്ന 800ന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മുത്തയ്യ വിരമിക്കുമ്പോൾ അദ്ദേഹം കൈവരിച്ച 800 വിക്കറ്റുകളെ സൂചിപ്പിച്ചാണ് ചിത്രത്തിന് 800 എന്ന് പേരിട്ടിരിക്കുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്‍റെ ഓഫ് സ്‌പിന്നർ മുത്തയ്യ മുരളീധരനായി വെള്ളിത്തിരയില്‍ എത്തുന്നത് വിജയ് സേതുപതിയാണ്. ടെസ്റ്റ് ക്രിക്കറ്റിന് ധരിക്കുന്ന വെള്ള ജേഴ്‌സിയിൽ മുത്തയ്യ മുരളീധരനായുള്ള വിജയ് സേതുപതിയുടെ ലുക്ക് സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തും. മൂവി ട്രെയിൻ മോഷൻ പിക്ചേർസും ഡാർ മോഷൻ പിക്ചേർസും ചേർന്നാണ് 800 സ്പോര്‍ട്‌സ് ഡ്രാമ നിര്‍മിക്കുന്നത്. എം.എസ് ശ്രീപതിയാണ് സിനിമയുടെ സംവിധായകൻ. ശ്രീലങ്ക, യുകെ, ഇന്ത്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. വിജയ് സേതുപതിയെ സിനിമയ്‌ക്കായി ക്രിക്കറ്റ് പരിശീലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ്. നായികയായി എത്തുന്നത് നടി രജിഷ വിജയനാണ്. തമിഴിൽ ഒരുങ്ങുന്ന ചിത്രം ഹിന്ദി, ബംഗാളി, സിംഹള, ഭാഷകളിൽ ഡബ്ബ് ചെയ്‌ത് പുറത്തിറങ്ങും. സാം.സി.എസ് ആണ് സംഗീത സംവിധാനം. ശ്രീലങ്കൻ പതാക പതിച്ച ജേഴ്‌സിയില്‍ ഒരു തമിഴ് സിനിമാതാരം അഭിനയിക്കുന്നതിനെതിരെ #ShameOnVijaySethupathi എന്ന പേരില്‍ ഹാഷ്‌ടാഗുകളും വിമര്‍ശനവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.