മിഷ്‌കിൻ സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ ചിത്രം 'പിസാസ് 2'വിലെ ആദ്യ ഗാനം മികച്ച പ്രതികരണം നേടുകയാണ്. ആൻഡ്രിയ ജെറാമിയ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയും ഭാഗമാകുമെന്നാണ് വിവരം.
ചിത്രത്തിലെ 16 മിനിട്ടോളം വരുന്ന രംഗത്തിൽ മക്കൾ സെൽവൻ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തന്‍റെ സിനിമയിൽ അഭിനയിക്കാൻ താരത്തിന് താൽപര്യമുണ്ടായിരുന്നതിനാൽ പിസാസ് 2ൽ അദ്ദേഹത്തിനായി ഒരു കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നുവെന്ന് മിഷ്‌കിൻ ഒരു മാധ്യമത്തോട് പറഞ്ഞതായാണ് വിവരം.
ആൻഡ്രിയയെ കൂടാതെ, സന്തോഷ് പ്രതാപ്, പൂർണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കപിലന്‍റെ വരികൾക്ക് കാർത്തിക് രാജ സംഗീതം പകർന്ന് സിദ്ദ് ശ്രീറാം ആലപിച്ച 'ഉച്ചത്തലൈ രേഖയിലേ' എന്ന ഗാനമാണ് ശനിയാഴ്‌ച പുറത്തുവിട്ടത്. പിസാസ് 2ലൂടെ ആദ്യമായി മിഷ്‌കിൻ സംഗീതസംവിധായകൻ കാർത്തിക് രാജയുമായി കൈകോർക്കുകയുമാണ്.
Also Read:'മാനാടി'ൽ ചിമ്പുവിനൊപ്പം കല്യാണിയും എസ്.ജെ സൂര്യയും; ട്രെയിലർ പുറത്ത്
റോക്ക്‌ഫോർട്ട് എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന ഹൊറർ ത്രില്ലർ 2021 അവസാനം റിലീസ് ചെയ്യുമെന്നാണ് സൂചന.