കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിനാല്‍ വാക്‌സിന്‍ സ്വീകരിക്കും മുമ്പ് സാധിക്കുന്നവര്‍ രക്തദാനം നടത്തണമെന്ന് അധികൃതര്‍ ആഹ്വാനം ചെയ്‌തിരുന്നു. ഇതില്‍ മാതൃകയായിരിക്കുകയാണ് നടന്‍ വിജയ്‌യുടെ ആരാധകര്‍. കൊയമ്പത്തൂരിലെ വിജയ് ആരാധകരാണ് മാതൃക പ്രവൃത്തിയിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ജൂണ്‍ 22ന് വിജയ്‌യുടെ ജന്മദിനമാണ്. ഇതിന്‍റെ കൂടി ഭാഗമായായിരുന്നു ആരാധകരുടെ രക്തദാന ക്യാമ്പ്. ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് പുറത്തുവന്നത്.
വാക്‌സിന്‍ സ്വീകരിക്കും മുമ്പ് സാധിക്കുന്നവരെല്ലാം രക്തം ദാനം ചെയ്യണം. കാരണം 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ തുടങ്ങുന്നതോടെ രക്തബാങ്കുകളിലെ നിലവിലെ പ്രതിസന്ധി രൂക്ഷമാവാനാണ് സാധ്യത. രണ്ട് ഡോസ് വാക്‌സിൻ എടുത്ത് 28 ദിവസം കഴിഞ്ഞാലേ രക്തദാനം ചെയ്യാൻ പാടുള്ളൂ എന്നാണ് ദേശീയ രക്തദാന കൗണ്‍സിലിന്‍റെ നിർദേശം. ആദ്യ ഡോസിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് രണ്ടാം വാക്‌സിൻ എടുക്കുന്നത്. ഇതോടെ ഒരു വ്യക്തി ആദ്യ വാക്‌സിൻ സ്വീകരിച്ച് കുറഞ്ഞത് 60 ദിവസം കഴിഞ്ഞാലേ രക്ത ദാനം ചെയ്യാനാകൂ. നിലവിൽ രക്ത ബാങ്കുകളിൽ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. 18 മുതൽ 45 വയസ് വരെ പ്രായമുള്ളവരാണ് രക്തദാനം ചെയ്യുന്നവരിൽ കൂടുതലും. രണ്ട് മാസത്തിലധികം കാലം ഇവർ മാറി നിന്നാൽ രക്തബാങ്കുകളുടെ പ്രതിസന്ധി പ്രവചനാതീതമാകും.