മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായിരുന്നു സൂഫിയും സുജാതയും. അപൂര്‍വ്വമായൊരു പ്രണയ കഥ പറഞ്ഞ സിനിമ സംവിധാനം ചെയ്‌തത് ഷാനവാസ് നരണിപ്പുഴയായിരുന്നു. സൂഫിയും സുജാതയും സിനിമയുടെ വിജയത്തിന്‍റെ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും മുമ്പ് സംവിധായകന്‍ ഷാനവാസ് ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആദ്യ തിരക്കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് സുഫിയും സുജാതയും നിര്‍മ്മിച്ച വിജയ് ബാബു. ഷാനവാസിന് പ്രിയപ്പെട്ടവര്‍ ഒന്നിച്ച ഒരു പരിപാടിയില്‍ വച്ച് അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസും മകനും ചേര്‍ന്ന് 'സല്‍മ' എന്ന് പേരിട്ടിരിക്കുന്ന ഷാനവാസിന്‍റെ തിരക്കഥ വിജയ് ബാബുവിന് കൈമാറി. ഫേസ്‌ബുക്കിലൂടെ വിജയ് ബാബു തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ഇത് കൂടാതെ വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഷാനവാസിന്‍റെ പേരില്‍ ഹ്രസ്വ ചിത്ര സംവിധായകര്‍ക്കായി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. അഞ്ച് മിനിറ്റില്‍ കൂടാത്ത ഹ്രസ്വ ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ യുട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കും. മികച്ച ഹ്രസ്വ ചിത്രത്തിന്‍റെ സംവിധായകന് നരണിപ്പുഴ ഷാനവാസ് അവാര്‍ഡിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസിന് മുന്നില്‍ ഒരു ഫീച്ചര്‍ ഫിലിമിന്‍റെ തിരക്കഥ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
ഷാനവാസ് നരണിപ്പുഴയുടെ ആദ്യ തിരക്കഥ സിനിമയാക്കാനൊരുങ്ങി വിജയ് ബാബു - Shanavas Naranipuzha movies related news
ഭാര്യ അസു ഷാനവാസും മകനും ചേര്‍ന്ന് 'സല്‍മ' എന്ന് പേരിട്ടിരിക്കുന്ന ഷാനവാസിന്‍റെ തിരക്കഥ വിജയ് ബാബുവിന് കൈമാറി
'ഷാനവാസുമായി അടുപ്പമുണ്ടായിരുന്ന ഞങ്ങള്‍ കുറിച്ചുപേര്‍ ഞാനും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിക്കായി കൊച്ചിയില്‍ ഒത്തുകൂടി. എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥ 'സല്‍മ' അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്ക് കൈമാറി. 'സല്‍മ' സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്ത് നിന്നുണ്ടാവും. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍റെ കുടുംബത്തിന് നല്‍കും. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു....' വിജയ് ബാബു കുറിച്ചു. ഷാനവാസുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് വിജയ് ബാബു. കരിയാണ് ഷാനവാസ് സംവിധാനം ചെയ്‌ത മറ്റൊരു സിനിമ. പുതിയ സിനിമ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഷാനവാസ് അന്തരിച്ചത്.