മലയാള സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ല്യുസിസിയിൽ നിന്ന് പിന്മാറുന്നതായി സംവിധായിക വിധു വിൻസെന്‍റ് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ, വിമെൻ ഇൻ സിനിമാ കലക്‌ടീവിൽനിന്നു മാറാനുള്ള കാരണം വിശദമാക്കി പ്രമുഖരായ സിനിമാതാരങ്ങൾക്കെതിരെ വിധു വിൻസെന്‍റ് രൂക്ഷമായി പ്രതികരിച്ചു. തന്‍റെ ചിത്രം പല കാരണങ്ങളാൽ മുടങ്ങിയപ്പോൾ അഞ്ജലിയും ബി. ഉണ്ണികൃഷ്ണനും ഉൾപ്പടെയുള്ളവരാണ് കൂടെ നിന്ന് പൂർത്തിയാക്കാൻ സഹായിച്ചതെന്ന് അവർ ഫേസ്‌ബുക്കിലൂടെ വിവരിച്ചു. എന്നാൽ, തന്‍റെ പ്രതിസന്ധി തിരിച്ചറിഞ്ഞ് സ്റ്റാൻഡ് അപ്പ് ചിത്രം ബി. ഉണ്ണികൃഷ്ണൻ നിർമിച്ചതിൽ ഡബ്ല്യുസിസിയിലെ ചിലർക്ക് എതിർപ്പ് ഉണ്ടായെന്നും ഇങ്ങനെയുണ്ടായ പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും വിധു വിൻസെന്‍റ് വിശദമാക്കി. ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്‍റെ നിർമാതാവായതിൽ എതിർപ്പ് പ്രകടിപ്പിച്ചവർ എന്തുകൊണ്ടാണ് ഉയരെ സിനിമയിൽ പാർവതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിൽ പ്രതികരിക്കാത്തതെന്നും വിധു ചോദിക്കുന്നു. നടൻ ദിലീപുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് സിദ്ദിഖ്. അദ്ദേഹം ദിലീപിനെ പല തവണ ജയിലിൽ പോയി സന്ദർശിച്ചത് പരസ്യമായ കാര്യമാണെന്നും സംവിധായിക വ്യക്തമാക്കി.
ഡബ്ല്യുസിസിയിൽ നിന്ന് പിന്മാറിയതിനുള്ള കാരണം വെളിപ്പെടുത്തി വിധു വിൻസെന്‍റ് - parvathy vidhu vincent
സ്റ്റാൻഡ് അപ്പ് ചിത്രം ബി. ഉണ്ണികൃഷ്ണൻ നിർമിച്ചതിൽ ഡബ്ല്യുസിസിയിലെ ചിലർക്ക് എതിർപ്പ് ഉണ്ടായെന്നും ഇങ്ങനെയുണ്ടായ പ്രശ്നങ്ങളാണ് ഡബ്ല്യുസിസിയിൽ നിന്ന് പിന്മാറാൻ കാരണമെന്നും വിധു വിൻസെന്‍റ് പറഞ്ഞു.
നടി പാർവതി തിരുവോത്തിനെതിരെ ആഞ്ഞടിച്ച വിധു വിൻസെന്‍റ് പുതിയ സിനിമയിലേക്ക് താരത്തിനെ സമീപിച്ചപ്പോൾ ഉണ്ടായ അനുഭവവും കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. "അഞ്ജലിയുടെ നിർദേശ പ്രകാരം പാർവതിയെ ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോൾ അത് ഉപേക്ഷിച്ചു. ഒരു "നോ" പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ." പിന്നീട് നിമിഷ സജയനെയും രജിഷ വിജയനെയും സമീപിച്ചപ്പോൾ അവരുടെ ഭാഗത്ത് നിന്നും അനുകൂല മറുപടി ലഭിച്ചുവെന്നും അങ്ങനെയാണ് ചിത്രവുമായി മുന്നോട്ട് പോയതെന്നും വിധു വിൻസെന്‍റ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.