കൊവിഡ് ബോധവൽക്കരണത്തിന്‍റെ ഭാഗമായി സൂപ്പർതാരം മോഹൻലാൽ, മഞ്ജു വാര്യർ, മനോജ് കെ. ജയൻ, ഗായകർ കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്‍ തുടങ്ങിയ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളത്തിലാണ് ഗാനം പ്രകാശനം ചെയ്‌തത്. തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ 'ഇറ്റ്സ് ടൈം ഫോർ കേരള' ഗാനം പുറത്തുവിട്ടതിന് ശേഷം വീഡിയോ ഗാനത്തിൽ പങ്കാളികളായ കലാകാരന്മാരെയും പിണറായി വിജയൻ പ്രശംസിച്ചു.
പ്രവാസികൾക്ക് സ്വാഗതം; കൊവിഡ് ബോധവൽക്കരണ വീഡിയോ ഗാനവുമായി താരങ്ങൾ
കൊവിഡിൽ നിന്ന് രക്ഷനേടി ജന്മ നാട്ടിലെത്തിയ സഹോദരങ്ങളും അവരെ സ്വാഗതം ചെയ്യുന്ന മിത്രങ്ങളും, ഒരുമനസോടെ എങ്ങനെ അറിയുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് മോഹൻലാൽ, മഞ്ജു വാര്യർ, ചിത്ര എന്നിങ്ങനെ പ്രമുഖ താരങ്ങൾ പങ്കാളികളായ വീഡിയോ ഗാനത്തിലൂടെ വിവരിക്കുന്നത്
കൊവിഡുമായി ബന്ധപ്പെട്ട് ചില കലാകാരന്മാര്‍ ഒരുക്കിയ ഒരു ഗാനം പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മോഹൻലാൽ തനിക്ക് കത്ത് എഴുതിയിരുന്നതായി പിണറായി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കൊവിഡിൽ നിന്ന് രക്ഷനേടി ജന്മ നാട്ടിലെത്തിയ സഹോദരങ്ങളും അവരെ സ്വാഗതം ചെയ്യുന്ന മിത്രങ്ങളും, ഒരുമനസോടെ എങ്ങനെ അറിയുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് ഗാനത്തിലൂടെ പറഞ്ഞുതരുന്നത്. വിവിധയിടങ്ങളിൽ നിന്നായി ചിത്രീകരിച്ച ഗാനരംഗങ്ങളിൽ സിനിമാ താരങ്ങളും പിന്നണി ഗായകരും പങ്കാളിയാകുന്നു.
പുതിയ ജീവിത ശൈലികളിലേക്ക് സ്വാഗതം ചെയ്യുന്ന ഗാനം ആലപിച്ചിരിക്കുന്നതും ഇവർ തന്നെയാണ്. മഞ്ജു വാര്യര്‍, കെ.എസ്. ചിത്ര, രമ്യ നമ്പീശന്‍, അശോകന്‍, മധു ബാലകൃഷ്ണന്‍, മനോജ് കെ. ജയന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. ചേരാവള്ളി ശശിയുടെ വരികൾക്ക് ഈണം പകർന്നത് പ്രശസ്‌ത സംഗീത സംവിധായകൻ ശരത്താണ്. മോഹൻലാലിന്‍റെ വിവരണത്തിലൂടെ ആരംഭിക്കുന്ന വീഡിയോ ഗാനത്തിൽ കേരളത്തിന്‍റെ പ്രകൃതി ഭംഗിയും തനതു കലാ രൂപങ്ങളും ആഘോഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.