എന്താണ് ഹൃദയത്തിന്‍റെ (Hridayam Movie) തീം? പ്രേക്ഷകരെ പിന്നെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ ടീസര്‍ പുറത്ത്. ക്യാമ്പസ് പ്രണയത്തേയും നഷ്ടങ്ങളെയും പ്രേക്ഷകര്‍ എന്നും ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അനിയത്തിപ്രാവും, 96ഉം വൻ ഹിറ്റുകളായതങ്ങനെയാണ്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിന്‍റെ മകന്‍റെ ചിത്രം എന്ന പരിവേഷം കൂടി ചേരുമ്പോള്‍ 'ഹൃദയ'ത്തിലൊളിപ്പിച്ചെതെന്തെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
പ്രണവ് മോഹന്‍ലാലിനെ ((Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനാകുന്ന ചിത്രമാണ് 'ഹൃദയം'. ചിത്രത്തിലെ പുതിയ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.
മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഹൃദയത്തിലെ രംഗം ആരാധകര്‍ക്കായി പങ്കുവെച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ രംഗം ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
കോളജ് ജീവിതത്തിന് ശേഷം പിരിയാന്‍ ഒരുങ്ങുന്ന പ്രണവിനെയും ദര്‍ശനയെയുമാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. ഒരു റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വച്ചുള്ള ഇരുവരുടെയും വൈകാരിക നിമിഷങ്ങളാണ് വീഡിയോയില്‍. മനോഹരമായൊരു പ്രണയകഥയാകും ചിത്രം പറയുന്നതെന്നാണ് പുറത്തുവിട്ട വീഡിയോ ക്ലിപ് നല്‍കുന്ന സൂചന.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'ദര്‍ശനാ' എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണുള്ളത്. കൈതപ്രം, വിനീത്, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്‌ദുല്‍ വഹാബ് ആണ് സംഗീതം.
ദര്‍ശനയെ കൂടാതെ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിനീത് ശ്രീനിവാസന്‍ സംവിധാനം ചിത്രം കൂടിയാണിത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രശസ്‌ത ബാനറായിരുന്ന മെറിലാന്‍ഡിന്‍റെ നീണ്ട 42 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് 'ഹൃദയം'.
വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും, വസ്‌ത്രാലങ്കാരം ദിവ്യ ജോര്‍ജും, സംഘട്ടനം മാഫിയ ശശിയും, ചമയം ഹസന്‍ വണ്ടൂരും നിര്‍വ്വഹിക്കും. അനില്‍ എബ്രഹാം ആണ് ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍. ആന്‍റണി തോമസ് മാങ്കാലി അസോസിയേറ്റ് ഡയറക്‌ടറുമാണ്. 2022 ജനുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read: 'മരക്കാര്‍ തിയേറ്ററില്‍ വരണമെന്ന് ആഗ്രഹിച്ചു, പക്ഷേ കഴിഞ്ഞില്ല': ആന്‍റണി പെരുമ്പാവൂര്‍