വെട്രിമാരന്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി വിജയ് സേതുപതിയും സൂരിയും - വെട്രിമാരന്‍ സൂരി സിനിമ
ജയ മോഹന്‍ എഴുതിയ തുണയ്‌വാന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വെട്രിമാരന്‍ ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഹാസ്യനടന്‍ സൂരിയും വീണ്ടും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ സിനിമ സംവിധാനം ചെയ്യുന്നത് വെട്രിമാരനാണ്. ഇരുവര്‍ക്കും തുല്യപ്രാധാന്യമാണ് കഥയിലുള്ളതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെട്രിമാരന്‍ വ്യക്തമാക്കി. അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന് ഇളയരാജയാണ് സംഗീതം നൽകുന്നത്. ഇളയരാജയുടെ പുതിയ സ്റ്റുഡിയോയിൽ റെക്കോർഡിങും ആരംഭിച്ചു. ജയ മോഹന്‍ എഴുതിയ തുണയ്‌വാന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ആദ്യമായാണ് വെട്രിമാരന്‍ സിനിമക്കായി ഇളയരാജ സംഗീതം ഒരുക്കാന്‍ പോകുന്നത്. പ്രസാദ് സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ചെന്നൈയില്‍ സ്വന്തമായി മ്യൂസിക് സ്റ്റുഡിയോ ഇളയരാജ ആരംഭിച്ചത്. സൂര്യയുടെതായി പ്രഖ്യാപിച്ച വാടി വാസലാണ് വെട്രിമാരന്‍റെ ഇനി വരാനുള്ള മറ്റൊരു സിനിമ. ഏവരും ഉറ്റുനോക്കുന്ന ഒരു സിനിമ കൂടിയാണിത്. തെലുങ്കിലും മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഒട്ടനവധി ചിത്രങ്ങളും വിജയ് സേതുപതിയുടേതായി അണിയറയില്‍ ഉണ്ട്. ഇപ്പോള്‍ തമിഴില്‍ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മാസ്റ്ററാണ് ഏറ്റവും അവസാനമായി തിയേറ്ററുകളിലെത്തിയ വിജയ് സേതുപതി സിനിമ.