സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്ന ശേഷം ആദ്യം പ്രദർശനത്തിനെത്തുന്ന മലയാളചിത്രം വെള്ളത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ക്യാപ്റ്റന്‍ എന്ന ബയോപിക് ചിത്രത്തിന് ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രത്തിൽ ഒരു മുഴുക്കുടിയനായാണ് ജയസൂര്യ എത്തുന്നതെന്ന് നേരത്തെ അണിയറപ്രവർത്തകർ വ്യക്തമാക്കിയതാണ്. എന്നാൽ, ജയസൂര്യ എന്ന നടന്‍റെ അഭിനയമികവ് പ്രകടമാക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
വെള്ളം മുരളി ട്രെയിലറെത്തി - prejesh sen movie trailer news
ജയസൂര്യ നായകനാകുന്ന പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തു.

എന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും വെള്ളത്തിലേതെന്ന ജയസൂര്യയുടെ വാക്കുകളെ ചിത്രത്തിന്‍റെ ട്രെയിലറും ശരി വക്കുന്നു. നമ്മൾക്ക് പരിചിതമായ, അല്ലെങ്കിൽ സമൂഹത്തിന്‍റെ പല കോണിലും വച്ച് പരിചിതമായ മുഴുക്കുടിയനായ മുരളിയെ ജയസൂര്യ വളരെ സ്വാഭാവികതയോടെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.
സംയുക്താ മേനോനാണ് ചിത്രത്തിലെ നായിക. സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്‍റണി, വെട്ടുക്കിളി പ്രകാശന്‍, സ്നേഹ പലിയേരി, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബേബി ശ്രീലക്ഷ്മി എന്നിവരും വെള്ളത്തിൽ അണിചേരുന്നു. ബിജിബാലാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിർമിക്കുന്നു. ജനുവരി 22ന് വെള്ളം റിലീസ് ചെയ്യും.