ജീവിതത്തിൻ മനോജ്ഞസംഗീതം ജീവനിൽക്കൂടി വീണ മീട്ടുമ്പോൾ പ്രേമഭാവന പൂവിട്ട് വിടരുകയായിരുന്നു വയലാറിന്‍റെ തൂലികയിൽ. കായാമ്പൂ കണ്ണിൽ വിടരുന്ന കാമുകിയെ തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടിയായി വിശേഷിപ്പിച്ച കവി, അനുരാഗിണിയോടുള്ള പ്രണയാഭ്യർഥന പോലും ഉപമകളോടെയും ഭാവനാസങ്കൽപങ്ങളിലൂടെയും വരികളാക്കുകയായിരുന്നു. കവിത എഴുതാൻ കവിയ്ക്ക് പ്രതിഭ വേണമെങ്കിൽ ആസ്വദിക്കാൻ അനുവാചകനും വേണം തത്തുല്യമായ സഹൃദയ പ്രതിഭ. പണ്ഡിതന്മാർക്കും മഹാകവികൾക്കും മാത്രമല്ല, സാധാരണക്കാരൻ വരെ വയലാറിന്‍റെ കാവ്യ പ്രതിഭയെ ആവോളം അനുഭവിച്ചു.
വയലാർ രാമവർമ തന്‍റെ കുട്ടിക്കാലത്ത് തന്നെ ഗുരുകുലസമ്പ്രദായത്തിൽ സംസ്കൃതം പഠിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലും സജീവ പ്രവർത്തനങ്ങൾ നടത്തി. 1956ൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിലെ തുമ്പീ തുമ്പീ ഗാനമാണ് സിനിമയിലെ വയലാറിന്‍റെ ആദ്യ ചുവടുവയ്പ്പ്. യുഗ്മഗാനങ്ങളായും ക്ലാസിക് ഗാനങ്ങളായും ദുഃഖഗീതങ്ങളിലൂടെയും താരാട്ടായും വിപ്ലവമായും അദ്ദേഹം തന്‍റെ കാവ്യസൃഷ്‌ടികൾ ഒരുക്കി. മാപ്പിളപ്പാട്ടുകളും ഭക്തിഗാനങ്ങളും വേദാന്തങ്ങളും മതേതര ഗാനങ്ങളും.... സംഗീതത്തിന്‍റെ മധുരിമയും മന്ത്രധ്വനിയും മലയാള സിനിമയിൽ നിറഞ്ഞുനിന്നു വയലാറിന്‍റെ വരികളിലൂടെ..
സ്വർഗീയമായ കാവ്യാനുഭവങ്ങൾ വയലാർ പ്രകൃതിയിലും പ്രണയത്തിലും കണ്ണീരിലും കുതിർത്ത് മലയാള സിനിമാ ശാഖയിലേക്ക് പകർന്നു. "അദ്വൈതം ജനിച്ച നാട്ടിൽ ആദി ശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ..." "മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്കുവെച്ചു"വെന്ന അർഥ സമ്പുഷ്ടമായ വരികൾ. അവിടെ വിപ്ലവത്തിനായി തുടിച്ച വയലാറിന്‍റെ വിരലുകളിലും പ്രതിഫലിച്ചു അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ഗാഢബന്ധം. മതേതര ചിന്തകളെഴുതിയ തൂലികയിലാണ് മതത്തിനതീതമായ ഭക്തി ഗാനങ്ങളും പിറന്നിട്ടുള്ളത്. നിത്യവിശുദ്ധയാം കന്യകമറിയമേ... ദുഃഖിതരേ പീഡിതരേ... ഗുരുവായൂരമ്പല നടയില്‍... ശരണമയ്യപ്പാ സ്വാമി... തുടങ്ങിയ കാലാതിവർത്തിയായ ദേവഗീതങ്ങൾ.