പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന 'വർത്തമാനം' ചിത്രത്തിന് പ്രദർശനാനുമതി. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ചെറിയ മാറ്റങ്ങളോടെ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകി.
തിരക്കഥാകൃത്തും വർത്തമാനത്തിന്‍റെ നിർമാതാവുമായ ആര്യാടന്‍ ഷൗക്കത്താണ് പ്രദർശാനാനുമതി ലഭിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. "രചയിതാവിന്‍റെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിർണയിച്ചവർ അറിയുക, മലയാള ചലച്ചിത്ര ആവിഷ്‌കാര ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്ന്. ബാക്കി വർത്തമാനം 'വർത്തമാനം' തന്നെ നിങ്ങളോട് പറയും. മതേതര മനസുകളുടെ പോരാട്ടത്തിന്‍റെ വിജയം കൂടിയാണിത്. പിന്തുണച്ച എല്ലാവർക്കും നന്ദി," എന്ന് ആര്യാടന്‍ ഷൗക്കത്ത് ഫേസ്‌ബുക്കിൽ പറഞ്ഞു.
-
വർത്തമാനത്തിന് പ്രദർശനാനുമതി. പിന്തുണച്ച എല്ലാവർക്കും നന്ദി .
Posted by Aryadan Shoukath on Monday, 4 January 2021
ജെഎന്‍യു വിദ്യാര്‍ഥി സമരവും കശ്മീര്‍ വിഭജനവും ചര്‍ച്ച ചെയ്യുന്നതിനാലാണ് മലയാള ചിത്രത്തിന്‍റെ പ്രദർശനം നിഷേധിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. തിരുവനന്തപുരം റീജനല്‍ സെന്‍സര്‍ ബോര്‍ഡായിരുന്നു വര്‍ത്തമാനം ചിത്രത്തിന് ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ചത്. തിരക്കഥാകൃത്തിന്‍റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനത്തിനുള്ള അനുമതി നൽകുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് ഉന്നയിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് അഡ്വ. വി സന്ദീപ് കുമാർ എഴുതിയ ട്വീറ്റിനെ അവലംബിച്ചായിരുന്നു ഷൗക്കത്തിന്‍റെ പ്രതികരണം.
സിദ്ധാർഥ് ശിവയാണ് വർത്തമാനം സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, നിർമ്മല്‍ പാലാഴി, മുത്തുമണി സോമസുന്ദരം, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.