പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന വർത്തമാനം ചിത്രത്തിന്‍റെ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി സമരവും കശ്മീര്‍ വിഭജനവും ചര്‍ച്ച ചെയ്യുന്നതിനാലാണ് മലയാള ചിത്രത്തിന്‍റെ പ്രദർശനം നിഷേധിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ചിത്രത്തിനെതിരെയുള്ള നടപടിയിൽ തിരക്കഥാകൃത്തും വർത്തമാനത്തിന്‍റെ നിർമാതാവുമായ ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. സിനിമയെ സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് അഡ്വ. വി സന്ദീപ് കുമാർ എഴുതിയ ട്വീറ്റിനെതിരെയാണ് ഷൗക്കത്ത് വിമർശനം ഉയർത്തിയത്.
ജെഎന്‍യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു ചിത്രത്തിൽ വിഷയമാക്കിയതെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമാതാവും ആര്യാടന്‍ ഷൗക്കത്തായതിനാലാണെന്നും ബിജെപി നേതാവ് ട്വിറ്ററിലൂടെ പറഞ്ഞു.
ഇതുപോലെ, തിരക്കഥാകൃത്തിന്‍റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനത്തിനുള്ള അനുമതി നൽകുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. ഡൽഹി കാമ്പസിലെ വിദ്യാർഥി സമരത്തെ കുറിച്ച് പറഞ്ഞാൽ, അതെങ്ങനെ ദേശ വിരുദ്ധമാകുമെന്നും സാംസ്‌ക്കാരിക രംഗത്തെ ഇത്തരം അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ലെന്നും വർത്താമാനം സിനിമയുടെ തിരക്കഥാകൃത്ത് കൂട്ടിച്ചേർത്തു.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം സിനിമയിൽ ഡല്‍ഹിയിലെ ഗവേഷക വിദ്യാർഥിയുടെ വേഷത്തിലായിരുന്നു പാര്‍വതി എത്തുന്നത്. സിദ്ദിഖ്, നിർമ്മല്‍ പാലാഴി, മുത്തുമണി സോമസുന്ദരം എന്നിവരും റോഷന്‍ മാത്യുവും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ നിർമിച്ചത് ബെന്‍സി നാസര്‍, ആര്യാടന്‍ ഷൌക്കത്ത് എന്നിവരാണ്.