പിന്നണി ഗായിക ചിന്മയി ഉൾപ്പെടെ 17 സ്ത്രീകളാണ് തമിഴ് കവി വൈരമുത്തുവിനെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് ശേഷം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ചിന്മയി പലപ്പോഴായി തന്‍റെ പ്രതികരണമറിയിക്കുകയും ചെയ്തു. ഈയടുത്തിടെ ഗായിക പങ്കുവച്ച ഒരു ട്വീറ്റിൽ വൈരമുത്തുവിന്‍റെ മകന്‍റെ നിർബന്ധപ്രകാരമാണ് തന്‍റെ വിവാഹത്തിന് വൈരമുത്തുവിനെ ക്ഷണിച്ചതെന്ന് പറഞ്ഞിരുന്നു.
More Read: ഒഎൻവി പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്ന് വൈരമുത്തു പിന്മാറി
എന്നാൽ, ചിന്മയിയുടെ ട്വീറ്റ് ചർച്ചാവിഷയമായതോടെ സംഭവത്തിൽ പ്രതികരണവുമായി വൈരമുത്തുവിന്‍റെ മകനും ഗാനരചയിതാവുമായ മദൻ കാർകി രംഗത്തെത്തി. തന്‍റെ പിതാവിനെ പൂർണമായി വിശ്വസിക്കുന്നുവെന്നും ചിന്മയി ഉന്നയിക്കുന്ന ആരോപണങ്ങൾ കള്ളമാണെന്നും മദൻ കാർകി ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈരമുത്തുവിനെതിരെയുള്ള ലൈംഗിക ആരോപണക്കേസിൽ ഇതാദ്യമായാണ് മകൻ പരസ്യപ്രതികരണം നടത്തുന്നത്.
മകൻ മദൻ കാർകിയുടെ ട്വീറ്റ്
ആരോപണം ഉന്നയിച്ചവർക്ക് അവരുടെ പക്ഷത്താണെന്ന് സത്യം എന്ന് തോന്നുന്നുവെങ്കിൽ നിയമപരമായി മുന്നോട്ട് പോകാം. എന്നാൽ, ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് രക്ഷിതാക്കൾ പറയുമ്പോൾ താൻ തന്‍റെ അച്ഛനെയും അമ്മയെയുമാണ് വിശ്വസിക്കുന്നതെന്ന് മദൻ കാർകി പറഞ്ഞു.
ചിന്മയി വൈരമുത്തുവിന് വിവാഹക്ഷണം നൽകിയത് മകന്‍റെ നിർബന്ധപ്രകാരമാണെന്ന ആരോപണത്തിനും മദൻ കാർകി പ്രതികരിച്ചു. ചിന്മയിക്ക് അച്ഛനെ ക്ഷണിക്കണമെന്നുണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹം സന്ദർശനാനുമതി നൽകാത്തതിനാൽ താൻ മുഖേന അതിനായി ബന്ധപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട്, അച്ഛന്‍റെ അടുത്ത് പോയി ചിന്മയി കാൽതൊട്ട് തൊഴുത് അനുഗ്രഹം വാങ്ങിയെന്നും മകൻ ട്വീറ്റിലൂടെ വ്യക്തമാക്കി.
2014ൽ ചിന്മയിയും വൈരമുത്തുവും തമ്മിലുണ്ടായ പ്രശ്നമെന്തായിരുന്നു എന്ന ചോദ്യത്തിനും കാർകി മറുപടി കുറിച്ചു. 2011ലെ ഒരു സംഗീതപരിപാടിയിൽ ചിന്മയി പങ്കെടുക്കാമെന്ന് അറിയിക്കുകയും എന്നാൽ, പരിപാടിയുടെ തലേന്ന് വരില്ല എന്ന് വിളിച്ചുപറയുകയും ചെയ്തതിൽ അച്ഛൻ അസ്വസ്ഥനായിരുന്നുവെന്നു. ഇത് പ്രൊഫഷണലായി ബാധിച്ചുവെന്ന് മദൻ കാർകി പറഞ്ഞു.
വൈരമുത്തുവിന് ഒഎന്‍വി അവാർഡ് നൽകുന്നതിനെതിരെ സിനിമാ- സാംസ്കാരിക പ്രമുഖർ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ, അവാർഡ് തീരുമാനത്തിൽ പുനപരിശോധന ഉണ്ടാകുമെന്ന് ഒഎൻവി കൾചറൽ അക്കാദമി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, അവാർഡ് സ്വീകരിക്കില്ലെന്ന് ഔദ്യോഗികമായി വൈരമുത്തു തന്നെ അറിയിച്ചു.