ട്രെഡ്‌മില്ലിൽ ഡാൻസ് ചെയ്‌ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു നടൻ അശ്വിൻ കുമാർ. കമൽ ഹാസന്‍റെ "അണ്ണാത്ത ആടറാർ..." എന്ന ഗാനത്തിന് ചുവട് വെച്ച് മികച്ച പ്രകടനം കാഴ്‌ച വച്ച അശ്വിൻ ഇത്തവണ ദളപതി ഗാനത്തിന്‍റെ ട്രെഡ്‌മില്ല് ഡാൻസുമായി വീണ്ടുമെത്തി. വിജയുടെ മാസ്റ്റർ ചിത്രത്തിലെ വാത്തി കമിങ് ഗാനത്തിനൊപ്പം ട്രെഡ്‌മില്ലിൽ സൂപ്പർ പെർഫോമൻസ് നടത്തുന്ന വീഡിയോ, രണ്ടു മണിക്കൂറിനുള്ളിൽ എണ്ണായിരത്തിൽ അധികം കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു.
'വാത്തി കമിങ്ങു'മായി അശ്വിന്‍റെ പുതിയ ട്രെഡ്‌മിൽ ഡാൻസ് - അണ്ണാത്ത ആടറാർ
വിജയുടെ മാസ്റ്റർ ചിത്രത്തിലെ വാത്തി കമിങ് ഗാനത്തിനൊപ്പം ട്രെഡ്‌മില്ലിൽ സൂപ്പർ പെർഫോമൻസ് നടത്തുന്ന അശ്വിൻ കുമാറിന്‍റെ വീഡിയോ, രണ്ടു മണിക്കൂറിനുള്ളിൽ എണ്ണായിരത്തിൽ അധികം കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു
ജേക്കബിന്‍റെ സ്വർഗരാജ്യം, ലവകുശ, രണം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ അശ്വിന്‍റെ 33-ാം ജന്മദിനമാണ് ഇന്ന്. "എന്‍റെ പിറന്നാൾ ദിവസത്തിൽ! എന്‍റെ ട്രെഡ്‌മിൽ ഡാൻസിനെ ഇത്രയധികം വൈറലാക്കിയതിന് ഓരോരുത്തർക്കും ഞാൻ നന്ദി അറിയിക്കുന്നു," എന്ന് കുറിച്ചുകൊണ്ടാണ് താരം വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മാസ്റ്റർ ഗാനത്തിന്‍റെ ട്രെഡ്‌മില്‍ ഡാൻസ് പലരുടെയും അഭ്യർഥന പ്രകാരമാണ് ചെയ്‌തതെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചിട്ടുണ്ട്.
പെരിയ മരുത് എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് അശ്വിൻ കുമാർ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ധ്രുവങ്ങൾ 16, ഗൗരവം തുടങ്ങിയ തമിഴ് സിനിമകളിലും മലയാളത്തിലും അഭിനയിച്ചു. നേരത്തെ താരം ചെയ്‌ത "അണ്ണാത്ത ആടറാർ..." ഗാനത്തിന്‍റെ ഡാൻസ് വീഡിയോക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നടൻ കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ളവർ അശ്വിനെ പ്രശംസിച്ചിരുന്നു.