കേരളം

kerala

ETV Bharat / sitara

ഇന്ത്യയുടെ ബിസ്‌മില്ല: ലോകത്തിന്‍റെ ഉസ്‌താദ്, ശുദ്ധ സംഗീതത്തിന്‍റെ 14 നഷ്ട വർഷങ്ങൾ

എട്ട് ദശകങ്ങളായി ഷെഹ്‌നായിലൂടെ ശുദ്ധസംഗീതത്തിൽ വിസ്‌മയം തീർത്ത സംഗീതജ്ഞൻ ഉസ്‌താദ് ബിസ്‌മില്ലാ ഖാന്‍റെ പതിനാലാം ചരമവാർഷികമാണിന്ന്...

By

Published : Aug 20, 2020, 10:27 PM IST

Ustad Bismillah Khan's 14th death anniversary today
ഇന്ത്യയുടെ ഉസ്‌താദ്, ശുദ്ധ സംഗീതത്തിന്‍റെ 14 നഷ്ടവർഷങ്ങൾ

1947 ഓഗസ്റ്റ് 14 അർധരാത്രി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് ഭാരതം സ്വാതന്ത്ര്യപ്പുലരിയിലേക്ക്. പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ ത്രിവർണ പതാക ഉയർത്തുമ്പോൾ രാജ്യം കേൾക്കുന്നത് ഹൃദയത്തില്‍ നിന്നൊഴുകി വരുന്ന ഷെഹ്‌നായ് സംഗീതം. പിന്നീട് സ്വതന്ത്രഭാരതത്തിന്‍റെ ഓരോ നിമിഷങ്ങളിലും ആ സുന്ദര സംഗീതമുണ്ടായിരുന്നു. ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ... കല്യാണ സദസുകളില്‍ നിന്ന് ഷെഹ്‌നായി സംഗീതത്തെ ആസ്വാദനത്തിന്‍റെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ച് നടത്തിയ മഹാ പ്രതിഭ. സംഗീതം എല്ലാവർക്കും, അതിന് മതത്തിന്‍റെ മതില്‍കെട്ടുകളില്ല, ഉസ്‌താദ് പറഞ്ഞുവെച്ചപ്പോൾ ഷെഹ്‌നായി എന്ന വാദ്യ ഉപകരണം കൂടിയാണ് ലോക ശ്രദ്ധയിലേക്ക് വളർന്നത്. എട്ട് പതിറ്റാണ്ടുകൾ, ഹൃദയത്തിൽ ചാലിച്ച ശുദ്ധസംഗീതം ലോകത്തിന് സമ്മാനിച്ച ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ നമ്മെ വിട്ടകന്നിട്ട് ഇന്ന് 14 വർഷം.

അച്ഛന്‍റെ ബിസ്‌മില്ല: ഇന്ത്യയുടെ ഉസ്‌താദ്, ശുദ്ധ സംഗീതത്തിന്‍റെ 14 നഷ്ടവർഷങ്ങൾ

1916 മാര്‍ച്ച് 21ന് ബിഹാറിലെ മുസ്‌ലിം കുടുംബത്തിൽ കമറുദ്ദീന്‍റെ ജനനം. ഭോജ്‌പൂർ രാജകൊട്ടാരത്തിലെ സംഗീതകലാകാരനായിരുന്ന പിതാവാണ് അദ്ദേഹത്തെ വാത്സല്യപൂർവം ബിസ്‌മില്ല എന്ന് വിളിച്ചത്. പിന്നീടത് വിശ്വമൊട്ടാകെയറിയപ്പെട്ട സംഗീതജ്ഞന്‍റെ പേരായി. അച്ഛനും സഹോദരനും ഷെഹ്‌നായി വാദകർ. ബിസ്‌മില്ലയുടെ ഹൃദയത്തിലേക്ക് വളരെ വേഗമാണ് ഷെഹ്‌നായി സംഗീതം പടർന്നുകയറിയത്. ആറാം വയസിൽ അമ്മാവൻ അലിബക്ഷ് വിലായത് മിയാന്‍റെ ശിക്ഷണം തേടി ബിസ്‌മില്ല വാരണസിയിലേക്ക്. കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാനവിദ്വാനായിരുന്ന അമ്മാവൻ, ഷെഹ്‌നായിക്കൊപ്പം വാദ്യസംഗീതത്തിന്‍റെ പാഠങ്ങളും ബിസ്‌മില്ലയ്ക്ക് പകർന്നു നൽകി. 1937ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ മ്യൂസിക് കോൺഫറൻസിൽ ബിസ്മില്ലയുടെ ഷെഹ്‌നായി സംഗീതം രാജ്യം ശ്രദ്ധയോടെ കേൾക്കുകയായിരുന്നു. ലോകം ആസ്വദിച്ച ഇതിഹാസ സംഗീതജ്ഞനായി ബിസ്‌മില്ലാ ഖാൻ വളരുകയായിരുന്നു. 1938ൽ ലഖ്‌നൗവിലെ ഓൾ ഇന്ത്യാ റേഡിയോയിൽ. ഇന്ത്യൻ ഉപഭൂഖണ്ഡവും കടന്ന് ഏഷ്യയിലും പാശ്ചാത്യ സദസുകളിലും, ബനാറസ് ഉസ്‌താദിന്‍റെ പ്രശസ്‌തിയെത്തി. പിന്നീട് എഡിൻബർഗ് മ്യൂസിക് ഫെസ്റ്റിവല്‍... ശാസ്ത്രീയ സംഗീതത്തെ ജനപ്രിയമാക്കുകയായിരുന്നു ഉസ്‌താദ്. സങ്കീർണതകൾ ഒഴിവാക്കി ശുദ്ധസംഗീതവുമായി സംഗീത സദസുകളിലും കച്ചേരികളിലും ഷെഹ്‌നായി സംഗീതമെത്തി. ഒരു കൈ ഉപയോഗിച്ച് ഷെഹ്‌നായി വായിച്ച അദ്ദേഹം പുതിയ വാദ്യസംഗീതത്തിന് പിറവി നൽകി.

നിസ്‌കാരവും നോയമ്പും അനുഷ്‌ഠിച്ചിരുന്ന ഉസ്‌താദ്, സരസ്വതി ആരാധനയും കാത്തുസൂക്ഷിച്ചിരുന്നു. വാരാണസിയിലെ ഗംഗാ തീരത്തെ വിശ്വനാഥ് ക്ഷേത്രമുൾപ്പടെ നിരവധി ഹിന്ദു ക്ഷേത്രങ്ങളില്‍ ഉസ്‌താദിന്‍റെ സ്വരം ഷെഹ്‌നായിയിലൂടെ മുഴങ്ങി. 1950 ജനുവരി 26... ആദ്യ റിപ്പബ്ലിക് ദിനം. ഷെഹ്‌നായി സംഗീതം ചുവപ്പ് കോട്ടയില്‍ നിന്ന് ഈ രാജ്യത്തിന്‍റെ ഹൃദയത്തിലേക്ക്. തുടർന്നുള്ള എല്ലാ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലും ബിസ്‌മില്ല ഖാന്‍റെ ഷെഹ്‌നായി സംഗീതവുമായി ദൂരദർശന്‍റെ തത്സമയ സംപ്രേഷണം.

ആദ്യം സഹോദരൻ ഷംസുദ്ദീൻ ഖാനൊപ്പം കച്ചേരികൾ അവതരിപ്പിച്ചു. എന്നാൽ, ജ്യേഷ്ഠന്‍റെ അപ്രതീക്ഷിത നഷ്‌ടം മനസിനെ കീഴ്‌പ്പെടുത്തിയപ്പോൾ നീണ്ട കാലത്തേക്ക് ഉസ്‌താദിന്‍റെ സംഗീതവും മൗനത്തിലാണ്ടു. സഹോദരന്‍റെ വേർപാട് കാലം മായ്‌ച്ചു തുടങ്ങിയപ്പോഴാണ് ബിസ്മില്ല ഖാൻ വീണ്ടും ഷെഹ്‌നായി കൈയിലെടുത്തത്. ഗുഞ്ച് ഉതി ഷെഹ്‌നായി എന്ന ഹിന്ദി ചിത്രത്തിലും രാജ്‌കപൂറിന്‍റെ കന്നഡ ചിത്രത്തിലും ഉസ്‌താദിന്‍റെ ഷെഹ്‌നായി സംഗീതം ആസ്വാദകർക്ക് ലഭ്യമായി. സത്യജിത് റായിയുടെ ജൽസാഗർ സിനിമയിൽ ഉസ്‌താദ് അഭിനയിച്ചു. 1965ല്‍ ഡല്‍ഹി ദേശീയ സാംസ്കാരിക സമിതി 'അഖില ഭാരതീയ ഷെഹ്‌നായി ചക്രവര്‍ത്തി' പട്ടം നല്‍കി ആദരിച്ചു. അപൂർവം ചിലരെ മാത്രമാണ് ഉസ്‌താദ് ശിഷ്യന്മാരാക്കിയത്. ബൽജിത് സിംഗ് നാംദാരി, കിർപാൽ സിംഗ്, ഗുർബക്ഷ് സിംഗ് നാംദാരി എന്നിവർ ശിഷ്യ പ്രധാനികൾ. ബിസ്‌മില്ലാ ഖാന്‍റെ ശിഷ്യനായിരുന്ന പ്രശസ്‌ത സംഗീതജ്ഞൻ ഉസ്‌താദ് ഹസൻ ഭായി മലയാളികൾക്കും അഭിമാനമാണ്. ധുന്‍, തുമ്രി എന്നിവ അദ്ദേഹം നിഷ്‌പ്രയാസം മനസിലാക്കി. ലോകം നശിച്ചാലും സംഗീതം മരിക്കില്ലെന്ന് അടിയുറച്ചു വിശ്വസിച്ചു. സംഗീതത്തിന്‍റെ പൂർണത തേടി ഏഴു സ്വരങ്ങളും സ്വായത്തമാക്കി. സംഗീതത്തിന് മതമില്ലെന്ന വിപ്ലവ പ്രസ്‌താവന ഉസ്‌താദിനെ കൂടുതല്‍ ജനകീയനാക്കി. ലാളിത്യത്തിന്‍റെ മുഖമായിരുന്നു ഉസ്‌താദ് ബിസ്‌മില്ല ഖാൻ. ആർഭാടമല്ലാത്ത ഭക്ഷണശൈലി, ആഢംബരമില്ലാത്ത ജീവിതചര്യ, സൈക്കിൾ റിക്ഷയിൽ യാത്ര..... രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നേടിയ കലാകാരൻ ഇങ്ങനെയെല്ലാമായിരുന്നു. എന്തിനേറെ, യുഎസിൽ ജീവിക്കാനുള്ള വാഗ്‌ദാനം ലഭിച്ചിട്ടും ബനാറസിൽ താമസം തുടർന്നു. പത്‌മവിഭൂഷണും പത്‌മഭൂഷണും പത്‌മശ്രീയും എണ്ണിയാലൊടുങ്ങാത്ത അന്താരാഷ്‌ട്ര ബഹുമതികളും ഉസ്‌താദിനെ തേടിയെത്തി. 90-ാം വയസിൽ, 2006 ഓഗസ്റ്റ് 21ന് ഷെഹ്‌നായിക്ക് ഊർജം നൽകിയ ജീവവായു നിലച്ചു. രാഷ്‌ട്രം വിലാപദിനം ആചരിച്ചു. വാരാണാസിയിലെ ഫാത്തിമൻ ശ്‌മശാനത്തിൽ പ്രിയപ്പെട്ട ഷെഹ്‌നായിക്കൊപ്പം ലോകത്തിന്‍റെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങി ഇന്ത്യാഗേറ്റില്‍ തന്‍റെ ഷെഹ്‌നായി നാദം കേൾക്കണമെന്ന അവസാന ആഗ്രഹം യാഥാർഥ്യമാകാതെ ഉസ്‌താദ് നിദ്രയിലേക്ക്.

ABOUT THE AUTHOR

...view details