എറണാകുളം: ഉപ്പും മുളകും താരങ്ങൾ ബിഗ് സ്ക്രീനിലും ഒന്നിക്കുന്നു. ഉപ്പും മുളകും എന്ന ടെലിവിഷൻ- ഹാസ്യ പരമ്പരയിലെ നിഷ സാരംഗും കോട്ടയം രമേശും മനോഹരി ജോയിയും മേപ്പടിയാൻ ചിത്രത്തിലാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ മേപ്പടിയാനിൽ അഭിനയിക്കാൻ സിനിമാ ലൊക്കേഷനിലെത്തിയ ചിത്രങ്ങൾ നടി നിഷ സാരംഗ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മിനിസ്‌ക്രീനിലെ നീലുവും മാധവൻ തമ്പിയും ശാരദയും ഒരുമിച്ച് സിനിമയിലെത്തുന്നുവെന്ന വാർത്തക്ക് ആശംസകള്‍ അറിയിച്ച് പ്രേക്ഷകരും പോസ്റ്റിനോട് പ്രതികരിച്ചു.
നീലുവും മാധവൻ തമ്പിയും ശാരദയും ബിഗ് സ്ക്രീനിലും ഒന്നിക്കുന്നു
ഉപ്പും മുളകും താരങ്ങളായ നിഷ സാരംഗും കോട്ടയം രമേശും മനോഹരി ജോയിയും മേപ്പടിയാൻ ചിത്രത്തിലാണ് ഒരുമിച്ച് അഭിനയിക്കുന്നത്
1989ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഞങ്ങളുടെ കൊച്ചു ഡോക്‌ടർ എന്ന സിനിമയിലൂടെയാണ് കോട്ടയം രമേശ് എന്ന നടൻ ശ്രദ്ധ നേടിയത്. പിന്നീട് 31 വർഷങ്ങൾക്ക് ശേഷം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിന്‍റെ ഡ്രൈവർ കുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. വൈറസ്, സീ യു സൂൺ സിനിമകളിലും കോട്ടയം രമേശ് അഭിനയിച്ചിട്ടുണ്ട്.
സീരിയലുകൾക്കൊപ്പം സിനിമകളിലും സജീവമായി പ്രവർത്തിക്കുന്ന നിഷ സാരംഗ് മാറ്റിനി, ആമേൻ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം, കപ്പേള, തണ്ണീർമത്തൻ ദിനങ്ങൾ എന്നിങ്ങനെ എഴുപതിലധികം സിനിമകളിലാണ് ഇതുവരെ ഭാഗമായത്. കെട്ട്യോളാണ് എന്‍റെ മാലാഖയിൽ ആസിഫ് അലിയുടെ അമ്മയായി അഭിനയിച്ച മനോഹരി ജോയിയുടെ പ്രകടനം വലിയ പ്രശംസ നേടിയിട്ടുണ്ട്.