Unni Mukundan reacts on Meppadiyan: ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മേപ്പടിയാ'ന്‍റെ പ്രദര്‍ശനം വിജയകരമായി മുന്നേറുമ്പോള്‍ ചിത്രത്തിനെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 'മേപ്പടിയാന്‍' തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും ചിത്രത്തിനെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രതികരണം.
ഇവിടെ എല്ലാം വളരെ വ്യക്തമാണ്. 'മേപ്പടിയാന്‍' തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷേ ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് തന്നെ സിനിമ എന്താണ് പറയുന്നത് എന്നറിയാന്‍ എല്ലാവരും 'മേപ്പടിയാന്‍' കാണണം. -ഉണ്ണി മുകുന്ദന്‍ കുറിച്ചു.