'മേപ്പടിയാന്' ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഷെഫീക്കിന്‍റെ സന്തോഷം' എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്. മമ്മൂട്ടി, മേജർ രവി തുടങ്ങിയവർ പോസ്റ്റർ പങ്കുവച്ചു.
'ഈ.. ചില്ല് കൂട്ടില്‍ ഇരിക്കുന്നതെല്ലാം... സവര്‍ണ്ണ പലഹാരങ്ങളാണോ..?' എന്ന ടാഗ്‌ലൈനും പോസ്റ്ററിൽ കാണാം. ഒരു പഴയചായക്കടയും അതിനകത്തെ ചില്ലുകൂട്ടിലെ പലഹാരങ്ങളുമാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ലഡ്ഡു, ജിലേബി, കേക്ക്, ഹൽവ എന്നീ മധുര ഭക്ഷണ പദാർഥങ്ങളാണ് ചില്ലുകൂട്ടിലുള്ളത്. സമീപത്തെ മേശപ്പുറത്ത് മിച്ചറും, വടയും പായ്‌ക്കറ്റിലാക്കിയും വാഴക്കുല കെട്ടിത്തൂക്കിയിരിക്കുന്നതും കാണാം.
സംവിധാനം ഗുലുമാൽ ഫെയിം അനൂപ്
നവാഗതനായ അനൂപ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ടിവി പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയായിരുന്ന ഗുലുമാലിന്‍റെ അവതാരകനായി ശ്രദ്ധ നേടിയ ആളാണ് അനൂപ്.
Also Read: ചിങ്ങപ്പുലരിയിൽ ദൃശ്യം കോമ്പോയുടെ '12ത് മാൻ' തുടങ്ങി
എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ നൗഫല്‍ അബ്‍ദുള്ളയാണ്. ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു. ഷാജി നടുവില്‍ ആണ് കലാസംവിധായകൻ. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍.എമ്മും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ച് ഉടൻ പ്രഖ്യാപിക്കും. രണ്ട് നായികമാരാണ് ഷെഫീക്കിന്‍റെ സന്തോഷത്തിൽ പങ്കാളികളാവുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, 12ത് മാൻ എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന ഉണ്ണി മുകുന്ദന്‍റെ മറ്റ് ചിത്രങ്ങൾ. സെപ്റ്റംബർ മൂന്നാം വാരം ഷെഫീക്കിന്‍റെ സന്തോഷവും ചിത്രീകരണത്തിലേക്ക് കടക്കും.