ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ യുക്രേനിയന്‍ നടിയും മോഡലുമായ ഓള്‍ഗ കുറിലെങ്കോക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്.
'ഒരാഴ്ചയായി തനിക്ക് സുഖമില്ലായിരുന്നു... പരിശോധന നടത്തിയപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. പനിയും തളര്‍ച്ചയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയായിരുന്നു. എല്ലാവരും കൊവിഡ് 19നെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം' ഓള്‍ഗ കുറിച്ചു.
ബോണ്ട് സീരിസിലെ 'ക്വാണ്ടം ഓഫ് സോലസി'ല്‍ കമീല്‍ മോണ്‍ടീസ് എന്ന കഥാപാത്രത്തെയാണ് ഓള്‍ഗ കുറിലെങ്കോ അവതരിപ്പിച്ചത്. 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഡാനിയേല്‍ ക്രേഗായിരുന്നു നായകന്‍. ഒബ്‌ളീവിയണ്‍, മൊമെന്‍റം, ദ ഡിവൈന്‍ വാട്ടര്‍ തുടങ്ങിയവയാണ് താരത്തിന്‍റെ മറ്റ് പ്രധാന ചിത്രങ്ങള്‍.
ബോണ്ട് സീരിസിലെ ഏറ്റവും പുതിയ ചിത്രം നോ ടൈം ടു ഡൈയുടെ അടക്കം റിലീസുകള്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നീട്ടിവെച്ചിരിക്കുകയാണ്. ഹോളിവുഡ് ചിത്രങ്ങള്‍ മാത്രമല്ല എല്ലാ ഭാഷകളിലെയും ചിത്രങ്ങളുടെ റിലീസുകള്‍ അണിയറപ്രവര്‍ത്തകര്‍ നീട്ടിവെച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ലോക സിനിമക്ക് സംഭവിച്ചുകൊണ്ടിരുന്നത്. ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യയും നടിയുമായ റീത വില്‍സണും കൊവിഡ് 19 ബാധിച്ച് ചികിത്സയിലാണ്.