അനുഭവ് സിൻഹയുടെ ആർട്ടിക്കിൾ 15 തമിഴ് റീമേക്കിന്‍റെ ലൊക്കേഷനിൽ അന്തരിച്ച നടൻ വിവേകിന് ആദരവർപ്പിക്കുകയാണ് ഉദയാനിധി സ്റ്റാലിനും അണിയറപ്രവർത്തകരും. പൊള്ളാച്ചിയിലാണ് ഷൂട്ടിങ് ലൊക്കേഷൻ. സിനിമാ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് താരങ്ങളും അണിയറപ്രവർത്തകരും ചിന്ന കലൈവാനർക്ക് നിത്യശാന്തി അർപ്പിച്ച് ഒരു നിമിഷം മൗനമായി പ്രാർഥിക്കുന്ന ചിത്രം ഉദയാനിധി സ്റ്റാലിൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തികഞ്ഞ സാമൂഹികപ്രവർത്തകനായ വിവേകിന്‍റെ പാത പിന്തുടർന്ന് പാരിസ്ഥിതിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഉദയാനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വിവേകിനായി മൗന പ്രാർഥനയോടെ ഉദയാനിധി സ്റ്റാലിനും സഹപ്രവർത്തകരും
ആർട്ടിക്കിൾ 15 എന്ന ബോളിവുഡ് ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ലൊക്കേഷനിൽ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ഉദയാനിധി സ്റ്റാലിനും സഹപ്രവർത്തകരും ആദരവ് അർപ്പിച്ചു. സാമൂഹികസേവനങ്ങളിലൂടെ മാതൃകയായ വിവേകിന്‍റെ പാത പിന്തുടരുമെന്നും ഉദയാനിധി സ്റ്റാലിൻ പറഞ്ഞു.
അകാലത്തിൽ വിടവാങ്ങിയ താരം തമിഴകത്തിന് എത്രമാത്രം സവിശേഷ വ്യക്തിത്വമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മരണാനന്തരം വിവേകിന് നൽകുന്ന ആദരവ്. തികഞ്ഞ പ്രകൃതി സ്നേഹിയും പാരിസ്ഥിതിക പ്രവർത്തകനുമായ നടൻ വിവേകിന്‍റെ ആഗ്രഹം സാക്ഷാൽകരിച്ചുകൊണ്ട് വിജയ്, അജിത്ത് താരങ്ങളുടെ ആരാധകരും അരുൺ വിജയ്‌യും മരതൈകൾ നടുന്നതും വാർത്തകളായിരുന്നു.
ചലച്ചിത്ര സംവിധായകന്‍, ഗായകന്‍, നടന്‍, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ അരുണ്‍രാജ കാമരാജാണ് ആർട്ടിക്കിൾ 15 തമിഴിൽ ഒരുക്കുന്നത്. ഉദയാനിധി സ്റ്റാലിൻ ആയുഷ്മാൻ ഖുറാന ചെയ്ത അയൻ രജ്ഞൻ എന്ന പൊലീസുകാരന്‍റെ വേഷത്തിൽ എത്തുന്നു. തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ മൂന്നാം അനുഛേദത്തിലെ ആർട്ടിക്കിൾ 15ന് വിപരീതമായാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പലയിടങ്ങളിലുമുള്ള സാമൂഹിക ജീവിതം. ആർട്ടിക്കിൾ 15 അനുഭാവനം ചെയ്യുന്ന തുല്യത ഒരു ഉട്ടോപ്യൻ ചിന്ത മാത്രമായി ഒതുങ്ങുന്നുവെന്ന് ഉത്തരേന്ത്യയിലെ ഒരു ചെറിയഗ്രാമത്തിൽ നടക്കുന്ന കൊലപാതകങ്ങളിലൂടെയും സംഭവങ്ങളിലൂടെയും ആർട്ടിക്കിൾ 15 എന്ന ചിത്രം കാണിച്ചുതരുന്നു.