ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനൊപ്പം കുഞ്ചാക്കോ ബോബനും ഷെബിന്‍ ബെക്കറും ഒന്നിക്കുന്ന 'അറിയിപ്പ്' ചിത്രത്തെ കുറിച്ച് ചാക്കോച്ചൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. അറിയിപ്പ് എന്ന മലയാള ചിത്രം ഷെബിന്‍ ബെക്കറിനൊപ്പം കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമിക്കുന്നത്.
ഇപ്പോഴിതാ അറിയിപ്പിലൂടെ കുഞ്ചാക്കോ ബോബൻ നിർമാതാവാകുമ്പോൾ, മറ്റൊരു സവിശേഷ സംഭവം കൂടി അരങ്ങേറുകയാണ് ചിത്രത്തിലൂടെ...
അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമാ ചരിത്രത്തിൽ നെടുംതൂണായി നിന്ന ഉദയ സ്റ്റുഡിയോസിന്‍റെ തിരിച്ചുവരവ് സാധ്യമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് അറിയിപ്പ്. നിരവധി മലയാള സിനിമകൾ നിർമിച്ച കേരളത്തിലെ ആദ്യ സ്റ്റുഡിയോയാണ് ഉദയ സ്റ്റുഡിയോ. 1986ലായിരുന്നു ഉദയ സ്റ്റുഡിയോസ് അവസാനമായി ഒരു ചിത്രം നിർമിച്ചത്. പിന്നീട്, 30 വർഷങ്ങൾക്ക് ശേഷം ഉദയാ കുടുംബത്തിലെ മൂന്നാംതലമുറക്കാരൻ കുഞ്ചാക്കോ ബോബനിലൂടെ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന ചിത്രം നിർമിക്കപ്പെട്ടു.
ഉദയയുടെ സ്ഥാപകൻ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. താൻ അഭിനയിക്കുന്ന അറിയിപ്പ് ഉദയയുടെ മടങ്ങിവരവിലെ രണ്ടാമത്തെ ചിത്രമാണെന്ന് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. സംവിധാനത്തിന് പുറമെ, മഹേഷ് നാരായണൻ തിരക്കഥയും എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ജൂണിൽ ആരംഭിക്കും.