കേരളം

kerala

ETV Bharat / sitara

കറുപ്പിയും പരിയേറും പെരുമാളും രണ്ട് വർഷത്തിനിപ്പുറവും ചിന്തിപ്പിക്കുമ്പോൾ....

മാരി സെൽവരാജിന്‍റെ സംവിധാനത്തിൽ തമിഴിലെ പ്രശസ്‌ത സംവിധായകൻ കൂടിയായ പാ രഞ്ജിത്ത് നിർമിച്ച ചിത്രമായിരുന്നു 'പരിയേറും പെരുമാൾ'.

entertainment news  പരിയേറും പെരുമാൾ  നിർമാതാവ് പാ രഞ്ജിത്  മാരി സെൽവരാജ്  തമിഴ് ചിത്രം  നീങ്ക നീങ്കളായ് ഇരിക്കിറവരെക്കും  pariyerum perumal  tamil new film  neenka neenkalayi  mari selvaraj  pa ranjith  two years of pariyerum perumal
'പരിയേറും പെരുമാൾ'

By

Published : Sep 28, 2020, 5:53 PM IST

രണ്ടു വർഷങ്ങൾക്ക് മുമ്പ് മാരി സെൽവരാജ് സിനിമാലോകത്തിന് പരിചയപ്പെടുത്തിയ 'പരിയേറും പെരുമാൾ' തമിഴകത്തെയും ചലച്ചിത്രനിരൂപകരെയും അത്രയേറെ സ്വാധീനിച്ചതിൽ അതിന്‍റെ കഥ അത്രയേറെ പ്രസക്തി അർഹിക്കുന്നു. കറുപ്പിയെന്ന നായയിൽ തുടങ്ങി കട്ടൻചായയിലും പാൽചായയിലും കഥ അവസാനിക്കുമ്പോൾ സിനിമയ്‌ക്ക് പുറത്തും പ്രേക്ഷകനെ ചിത്രം ബോധ്യപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങൾ വേട്ടയാടുന്നുണ്ട്. ജാതീയവും വംശീയവുമായ അസമത്വങ്ങളും ദുരഭിമാനക്കൊലയും പരിയേറും പെരുമാൾ ചിത്രത്തിൽ പ്രതീകങ്ങളിലൂടെയും നിത്യജീവചര്യകളിലൂടെയും വ്യക്തമായി സംവിധായകൻ അടയാളപ്പെടുത്തിയിട്ടുണ്ട്.

സംവിധായകനെ പോലെ നിർമാതാവ് പാ രഞ്ജിത്തിനും പരിയേറും പെരുമാൾ വെറുമൊരു ചിത്രമായിരുന്നില്ല. കുതിര കയറും പെരുമാൾ എന്നർത്ഥത്തിൽ പരിയേറും പെരുമാൾ ടൈറ്റിലിൽ തമിഴ് ചിത്രം 2018 സെപ്‌തംബർ 28ന് റിലീസിനെത്തുമ്പോൾ സമൂഹത്തിലെ നീചത്വചിന്തകളെ ഇത്രയും ആഴത്തിൽ അടയാളപ്പെടുത്താമെന്ന് ഒരുപക്ഷേ പലരും അതിന് മുമ്പ് വിചാരിച്ചിരുന്നില്ലെന്ന് വേണം പറയാൻ. "നീങ്ക നീങ്കളായ് ഇരിക്കിറവരെക്കും, നാങ്ക നായാ താ ഇരിക്കണം എന്ന് നീങ്ക എതിർപാക്കറ വരെയ്ക്കും ഇങ്കെ എതുവും മാറാത്…" ശക്തമായും രാഷ്‌ട്രീയപരമായും മാരി സെൽവരാജ് കഥാവസാനം പറഞ്ഞുവെക്കുന്നത് ഇനിയും മാറ്റത്തിലേക്കെത്താത്ത യാഥാർത്ഥ്യം കൂടിയാണ്.

കതിർ, ആനന്ദി, യോഗി ബാബു എന്നിവരായിരുന്നു മുഖ്യതാരങ്ങൾ. സന്തോഷ് നാരായണന്‍റെ സംഗീതവും വിവേക്, മാരി സെൽവരാജ് എന്നിവരുടെ കഥയെ ഉൾക്കൊണ്ടുള്ള ഗാനരചനയും ചിത്രത്തിന് പൂർണത നൽകി.

ജാതി പറഞ്ഞ് മേൽക്കോയ്‌മ നേടിയെടുത്ത്, സർവാധികാരികളായി മാറിയ സവർണാധികാരത്തിനുമേൽ കുതിര കയറേണ്ടത് അനിവാര്യമാണെന്ന് പരിയേറും പെരുമാൾ ചൂണ്ടിക്കാണിക്കുന്നു. അടിച്ചമർത്തലുകളിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിനായുള്ള അംബേദ്‌കറിന്‍റെ നീല രാഷ്‌ട്രീയം ചിത്രത്തിൽ അങ്ങോളമിങ്ങോളം സംവിധായകൻ മനഃപൂർവം കോറിയിടുകയാണ്. വിദ്യാഭ്യാസപരമായി മുമ്പിട്ട് നിൽക്കുന്ന കേരളസമൂഹത്തിൽ പോലും ജാതീയ അധിക്ഷേപങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്ന സാഹചര്യത്തിൽ പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രം മലയാളി പ്രേക്ഷകരുടെ പ്രീതിയും പിടിച്ചുപറ്റി.

ABOUT THE AUTHOR

...view details