മലയാളത്തിന്‍റെ യശസ്സുയർത്തി ജീത്തു ജോസഫ് ചിത്രം ദൃശ്യം ഇന്ത്യക്ക് പുറത്ത് ചൈനീസ് ഭാഷയിൽ റീമേക്ക് ചെയ്‌ത് പുറത്തിറങ്ങിയിരുന്നു. ഇന്ത്യയെമ്പാടുമുള്ള സിനിമാപ്രേക്ഷകർ സ്വീകരിച്ച മോഹൻലാൽ- മീന ജോഡിയിൽ ഒരുക്കിയ ദൃശ്യം ഹോളിവുഡിൽ നിർമിക്കുന്നുവെന്നും അടുത്തിടെ പ്രഖ്യാപനമുണ്ടായി. അതേ സമയം, ഒന്നാം പതിപ്പിലെ വിജയമാവർത്തിക്കാൻ ജോർജ്ജൂട്ടിയും കുടുംബവും വീണ്ടുമെത്തുമ്പോൾ സിനിമാസ്വാദകർ വലിയ പ്രതീക്ഷയിലാണ്. ആ കാത്തിരിപ്പിനാകട്ടെ ഇനി മണിക്കൂറുകൾ മാത്രം...
ഇന്ന് അർധരാത്രി തന്നെ ദൃശ്യം 2 ആമസോണ്‍ പ്രൈമിൽ പ്രദർശനത്തിനെത്തും. നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്ന ത്രില്ലർ ചിത്രത്തിൽ മുരളി ഗോപിയും ഗണേഷും കൂടി പങ്കുചേരുന്നുണ്ട്. കൂടാതെ, ആദ്യഭാഗത്തുണ്ടായിരുന്ന മോഹന്‍ലാല്‍, മീന, എസ്‌തര്‍ അനിൽ, അന്‍സിബ, ആശ ശരത്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, നാരായണൻ നായർ എന്നിവരും ദൃശ്യം 2വിലും പ്രധാന താരങ്ങളാകുന്നു.
അതേ സമയം, ദൃശ്യം 2വിനൊപ്പം ഒടിടിയിൽ മറ്റൊരു മലയാള ചിത്രം കൂടി പ്രദർശനത്തിന് എത്തുന്നുണ്ട്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് എന്ന ചിത്രം നെറ്റ്ഫ്ളിക്സിലാണ് പ്രദർശനത്തിന് എത്തുന്നത്. എന്നാൽ, ദൃശ്യം പോലെ ലവ് നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ ചിത്രമല്ല. ഉണ്ട ചിത്രത്തിന്‍റെ സംവിധായകൻ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ലവ് ജനുവരി 29ന് കേരളത്തിലെ തിയേറ്ററുകളിലൂടെ പുറത്തിറങ്ങി. കേരള റിലീസിന് മുമ്പ് ഗൾഫ് നാടുകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.
രജിഷ വിജയൻ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ലവിലെ പ്രധാന താരങ്ങൾ. കെട്ട്യോളാണന്‍റെ മാലാഖയിലൂടെ മലയാളിയുടെ പ്രിയങ്കരിയായ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളാകുന്നു. തിയേറ്റർ റിലീസിൽ മികച്ച പ്രതികരണം നേടിയ ലവിന്‍റെ ഡിജിറ്റൽ പ്രീമിയറാണിത്.