അത്‌ലറ്റിക്‌സിലെ സുവർണ നേട്ടം... പതിറ്റാണ്ടുകൾ നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിനൊടുവില്‍ ജാവ്‌ലിൻ എറിഞ്ഞുവീഴ്‌ത്തി ടോക്യോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ ജേതാവായ നീരജ് ചോപ്രയാണ് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും ചർച്ചകളിലുമൊക്കെ ഇടംപിടിക്കുന്നത്.
ഇന്ത്യയുടെ യശസ്സുയർത്തിയ നീരജ് ചോപ്ര എന്ന ഹരിയാനക്കാരന്‍റെ വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ താരത്തിന്‍റെ ബയോപിക്കിനെ കുറിച്ചുള്ള ചർച്ചകളും വ്യാപിക്കുകയാണ്.
ഒപ്പം, ബോളിവുഡിന് ബയോപിക് ഒരുക്കാൻ ഒരു പുതിയ കഥ കിട്ടിയെന്ന തരത്തിലും, അക്ഷയ് കുമാർ ഇപ്പോൾ മുതലേ ജാവ്‌ലിൻ ത്രോ പരിശീലിച്ചുതുടങ്ങിക്കാണും എന്ന തരത്തിലും ട്രോളുകളും നിറയുന്നു.
അക്ഷയ് കുമാറോ രൺദീപ് ഹൂഡയോ അഭിനയിക്കുന്നതാണ് ഇഷ്‌ടം
ബയോപിക്കിന്‍റെ ചർച്ചകളോടൊപ്പം നീരജ് ചോപ്രയുടെ 2018ലെ ഒരു അഭിമുഖവും കൂട്ടത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. താങ്കളുടെ ഒരു ബയോപിക് ഒരുക്കുകയാണെങ്കിൽ ആരായിരിക്കണം ആ വേഷം ചെയ്യേണ്ടതെന്ന് അഭിമുഖത്തിൽ നീരജ് ചോപ്രയോട് ചോദിക്കുന്നു.
'തന്‍റെ പേരിൽ ഒരു ബയോപിക് വരുമെങ്കിൽ നല്ലതായിരിക്കും.' ഹരിയാനയിൽ നിന്നാണെങ്കിൽ രൺദീപ് ഹൂഡയും ബോളിവുഡാണെങ്കിൽ അക്ഷയ് കുമാറും അഭിനയിക്കുന്നതാണ് തനിക്കിഷ്‌ടം എന്ന് നീരജ് മറുപടി പറയുന്നതും വീഡിയോയിൽ കാണാം.
More Read: നന്ദി നീരജ് ; ബൈ ബൈ ടോക്കിയോ, സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യന്‍ മടക്കം
എന്നാൽ, അക്ഷയ് കുമാർ അഭിനയിക്കരുതെന്ന തരത്തിൽ നടനെതിരെ ട്രോളുകളും വിമർശനങ്ങളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
താരത്തിന്‍റെ ജീവിതം സിനിമയാക്കുകയാണെങ്കിൽ അതിൽ നീരജ് തന്നെ അഭിനയിച്ചാൽ മതിയെന്ന് ഒരു കൂട്ടർ ആവശ്യപ്പെടുന്നു. എന്നാൽ, അത്‌ലറ്റ് താരത്തിന്‍റെ ബയോപിക്കിനെ കുറിച്ച് സിനിമാമേഖലയിലെ ആരും ഇതുവരെയും പ്രതികരിച്ചിട്ടില്ല.