ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനായി തയ്യാറാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റി. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ക്ഷേത്രത്തിന് മുന്നിലാണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്‌പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെടുന്ന ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
ടൊവിനോ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റ് തകര്‍ത്ത് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍
മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനായി തയ്യാറാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ക്ഷേത്രത്തിന് മുന്നിലാണെന്നാണ് ഇവരുടെ ആരോപണം
'കാലടി മണപ്പുറത്ത് മഹാദേവന്‍റെ മുന്നില്‍ ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്... പാടില്ലായെന്ന്... പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്‍റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ഹരി പാലോടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.
ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മിച്ചത്. നൂറുകണക്കിന് ആളുകളുടെ മാസങ്ങള്‍ നീണ്ട അധ്വാനമായിരുന്നു ആ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ്. എന്നാല്‍ കൊവിഡ് 19 മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഷൂട്ടിങ് മുടങ്ങി. വീക്കെന്‍റ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.