ടൊവിനോ ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മിന്നില്‍ മുരളി. തുടക്കം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രം കൂടിയാണ് മിന്നല്‍ മുരളി. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് സന്തോഷകരമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 2.26 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ട്രെയിലര്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ടൊവിനോ തോമസ് തന്നെയാണ് ട്രെയിലറില്‍ ഹൈലൈറ്റ്. 'മാമന്‍ ഈ സ്‌പൈഡര്‍മാന്‍, ബാറ്റ്‌മാന്‍, സൂപ്പര്‍മാന്‍ എന്നിവരെ കേട്ടിട്ടുണ്ടോ' എന്നൊരു ചോദ്യത്തോടു കൂടിയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയോടു കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. 1990കളിലൂടെയാണ് മിന്നല്‍ മുരളി കഥ പറയുന്നത്. ജയ്‌സണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിക്കുന്ന ജയ്‌സണ്‍ ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ.
ടൊവിനോയെ കൂടാതെ അജു വര്‍ഗീസ്, മാമൂക്കോയ, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമ സുന്ദരവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോളിന്‍റെ നിര്‍മ്മാണത്തില്‍ ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ചിത്രമാണിത്. 'ഗോദ' ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്‌റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന. സമീര്‍ താഹിര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.
വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ് സൂപ്പര്‍ വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. കലാസംവിധാനം മനു ജഗദും നിര്‍വ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഡിസംബര്‍ 24ന് നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
Also Read:മരക്കാര്‍ ഒടിടി റിലീസ് മാറ്റണമെന്ന് ഫിലിം ചേമ്പര്‍; മോഹന്‍ലാലുമായി ചര്‍ച്ച നടത്തും