നിഗൂഢതകൾ നിറച്ച 'കള'യുടെ ടീസറിന് ഗംഭീരപ്രതികരണമായിരുന്നു ലഭിച്ചത്. ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയിലുമാണ്. ഇബിലിസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന കള ഈ മാസം റിലീസിനെത്തും.
"ഞാൻ എങ്ങനെ വേട്ടയാടുമെന്ന് നിങ്ങൾക്ക് ഇനിയറിയാം," എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ കളയുടെ റിലീസ് അറിയിച്ചത്. യദു പുഷ്‍പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ലിവിങ്സ്റ്റണ്‍ മാത്യു എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ അഖില്‍ ജോര്‍ജാണ്.
ജുവിസ് പ്രൊഡക്ഷന്‍സിന്‍റെയും അഡ്‌വെഞ്ചേഴ്സ് കമ്പനിയുടെയും ബാനറിൽ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവർ ചേർന്നാണ് കള നിർമിക്കുന്നത്. ടൊവിനോയും ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കാളിയാകുന്നു.
സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് വയറിന് പരിക്കേറ്റിരുന്നു. തുടർന്ന് വിദഗ്‌ധ ചികിത്സയ്‌ക്കും ആഴ്ചകളോളമുള്ള വിശ്രമത്തിനും ശേഷമായിരുന്നു സിനിമയുടെ ഷൂട്ടിങ് പുനരാരംഭിച്ച് കള പൂര്‍ത്തീകരിച്ചത്. ചിത്രം കഠിനമായിരുന്നുവെന്നും എന്നാൽ, സിനിമയോടുള്ള സ്നേഹം കൊണ്ടാണ് എല്ലാം നല്ല രീതിയിൽ ചെയ്യാൻ സാധിച്ചതെന്നും ടൊവിനോ പാക്കപ്പ് സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കിയിരുന്നു. പ്രകൃതിയും മനുഷ്യനും പ്രമേയമാക്കി ഒരുക്കുന്ന ടൊവിനോ ചിത്രം ഈ മാസം പുറത്തിറങ്ങുമെങ്കിലും തിയതി വ്യക്തമാക്കിയിട്ടില്ല.