യാതൊരു വിധ സിനിമാ പശ്ചാത്തലവും ഇല്ലാതെ അഭിനയരംഗത്തെത്തി മലയാളസിനിമയിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച നടനാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലംകൊണ്ട് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാക്കി മാറ്റിയ ടൊവിനോ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ആദ്യമായി ക്യാമറക്ക് മുന്നില്‍ എത്തിയതും ഫ്രെയിമില്‍ തന്റെ മുഖം കൂടി ഉള്‍പ്പെടുത്താന്‍ നടത്തിയ തത്രപ്പാടുകളുമാണ് താരം കുറിപ്പിലൂടെ വിവരിച്ചിരിക്കുന്നത്.
'എല്ലാത്തിന്റെയും ആരംഭം ഇവിടെ നിന്ന്'; വൈറലായി ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്
2012ല്‍ പുറത്തുവന്ന പ്രഭുവിന്റെ മക്കളെന്ന ചിത്രമായിരുന്നു ടൊവിനോയുടെ ആദ്യ സിനിമ. ആ സിനിമയിലെ അനുഭവങ്ങളാണ് താരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്
2012ല്‍ പുറത്തുവന്ന പ്രഭുവിന്റെ മക്കളെന്ന ചിത്രമായിരുന്നു ടൊവിനോയുടെ ആദ്യ സിനിമ. 'ഇതാണ് എല്ലാത്തിന്റെയും തുടക്കം. എട്ട് വര്‍ഷം മുമ്പ് ഈ ദിവസം. ഒരു സിനിമാ ക്യാമറക്ക് മുമ്പില്‍ ഞാനാദ്യമായി എത്തിപ്പെട്ട നിമിഷം. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് അത് ഈ പാട്ട് സീനില്‍ നന്നായി കാണാം' ടൊവിനോ കുറിച്ചു.
പ്രഭുവിന്റെ മക്കളിലെ സോഷ്യലിസം വന്നാല്‍ എന്ന ഗാനരംഗത്തിലെ ചിത്രങ്ങളാണ് ടൊവിനോ കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. ജോയ് ചെറുവത്തൂര്‍, അറയ്ക്കല്‍ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സജീവന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, സ്വാസിക, മധു, കലാഭവന്‍ മണി, സലീംകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.