തൃശൂർ: ഓൺലൈൻ പഠനത്തിന് ആദിവാസി വിദ്യാർഥിനിക്ക് സഹായവുമായി നടൻ ടൊവിനൊ തോമസ്. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിച്ച എച്ചിപ്പാറ ആദിവാസി കോളനിയിലെ വിദ്യാർഥിനിക്കാണ് നടൻ ടൊവിനൊ തോമസ് ടെലിവിഷൻ സമ്മാനിച്ചത്. ടി.എൻ.പ്രതാപൻ എം.പിയുടെ അതിജീവനം എംപീസ് എഡ്യു കെയർ വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ എച്ചിപ്പാറയിൽ നടന്ന ജില്ലാതല ഉദ്ഘാടന വേദിയിൽ വച്ച് ടൊവിനൊ തോമസ് ടെലിവിഷൻ കൈമാറി. 'അതിജീവനം എംപീസ് എഡ്യു കെയറി'ന്‍റെ ബ്രാന്‍റ് അമ്പാസിഡർ കൂടിയാണ് താരം. ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥികൾക്കായി കൂടുതൽ സഹായങ്ങളുമായി മുന്നോട്ട് പോകുമെന്നും ടൊവിനൊ പറഞ്ഞു. തന്‍റെ കുട്ടിയുടെ സ്കൂൾ പ്രവേശനത്തിന്‍റെ സന്തോഷവും ചടങ്ങിൽ താരം പങ്കുവെച്ചു.
ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായഹസ്‌തവുമായി നടൻ ടൊവിനൊ
ടി.എൻ.പ്രതാപൻ എം.പിയുടെ 'അതിജീവനം എംപീസ് എഡ്യു കെയറി'ന്‍റെ ഭാഗമായാണ് എച്ചിപ്പാറ ആദിവാസി കോളനിയിലെ വിദ്യാർഥിനിക്ക് ടൊവിനോ തോമസ് ടെലിവിഷൻ കൈമാറിയത്
എച്ചിപ്പാറ ആദിവാസി കോളനിയിലെ മലയൻ കൂട്ടാല വീട്ടിൽ രഘു, ഷീജ ദമ്പതികളുടെ മകളാണ് രഞ്ചു. എച്ചിപ്പാറ ട്രൈബൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ രഞ്ചുവിന്‍റെ വീട്ടിലെ ടിവി ആറു മാസം മുമ്പ് കേടായി. കൂലിപ്പണിക്കാരനായ രഘുവിന് ലോക്ക് ഡൗണിൽ ജോലി കൂടി ഇല്ലാതായതോടെ ടിവി നന്നാക്കാൻ സാധിച്ചിരുന്നില്ല. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഏറെ വിഷമത്തിലായിരുന്നു ഈ കുടുംബം. വാർഡ് മെമ്പർ സജീന മുജീബാണ് ഇവരുടെ അവസ്ഥ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഓൺലൈൻ ക്ലാസ് മുടങ്ങിയ വിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം കൂടി പരിഗണനയിലെടുത്ത് ടി.എൻ.പ്രതാപൻ പദ്ധതി വേഗത്തിൽ തുടക്കം കുറിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ കൊച്ചുഗോവിന്ദൻ, വാർഡ് മെമ്പർ സജീന മുജീബ്, ഡിസിസി വൈസ് പ്രസിഡൻ്റ് സി.സി.ശ്രീകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിനയൻ പണിക്കവളപ്പിൽ, പിടിഎ പ്രസിഡൻ്റ് റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയിലേക്ക് ഇരിങ്ങാലക്കുട സ്വദേശികളായ നിസാർ, നിഷീന ദമ്പതികൾ 50,000 രൂപയുടെ ചെക്കും ടൊവിനോ തോമസിന് കൈമാറി.