കാത്തിരുന്ന പ്രഖ്യാപനമെത്തി. ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി റിലീസ് പ്രഖ്യാപിച്ചു. തിയേറ്ററുകളിലൂടെ അല്ലെങ്കിലും സിനിമ നെറ്റ്‌ഫ്ലിക്‌സിലൂടെ ആസ്വദിക്കാനുള്ള ആകാംക്ഷയിലായിരുന്നു സിനിമാപ്രേമികൾ. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്ന് സംവിധായകൻ ബേസിൽ ജോസഫ് അറിയിച്ചതിനാൽ സെപ്‌തംബറിൽ തന്നെ മിന്നൽ മുരളി റിലീസിനെത്തുമെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.
എന്നാൽ, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ഡിസംബര്‍ 24നാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് പ്രദര്‍ശനത്തിനെത്തുക. ക്രിസ്‌മസ് ആശംസകൾ നേർന്നുകൊണ്ടാണ് ടൊവിനോ തോമസ് മിന്നൽ മുരളി ഡിസംബറിൽ റിലീസിനെത്തുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒപ്പം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയും താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.