കേരളം

kerala

ETV Bharat / sitara

Top ten box office movies : 2021ല്‍ തിയേറ്ററില്‍ തിളങ്ങിയ ഇന്ത്യന്‍ സിനിമകള്‍ - 2021ല്‍ തിയേറ്ററില്‍ തിളങ്ങിയ ഇന്ത്യന്‍ സിനിമകള്‍

Top box office movies : സിനിമ മേഖലയ്‌ക്ക്‌ പുതുജീവന്‍ നല്‍കികൊണ്ടാണ് നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും തിയേറ്റര്‍ തുറന്നത്

Top ten box office Indian movies  2021ല്‍ തിയേറ്ററില്‍ തിളങ്ങിയ ഇന്ത്യന്‍ സിനിമകള്‍  Top box office movies
Top ten box office movies : 2021ല്‍ തിയേറ്ററില്‍ തിളങ്ങിയ ഇന്ത്യന്‍ സിനിമകള്‍..

By

Published : Dec 31, 2021, 8:39 PM IST

സിനിമ മേഖലയ്‌ക്ക്‌ കനത്ത വെല്ലുവിളി നേരിട്ട വര്‍ഷമായിരുന്നു 2021. കൊവിഡ്‌ സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടന്നപ്പോള്‍ നിരവധി സിനിമകളാണ് വെളിച്ചം കാണാതെ പെട്ടിക്കുള്ളിലിരുന്നത്‌. സിനിമ മേഖലയ്‌ക്ക്‌ പുതുജീവന്‍ നല്‍കികൊണ്ടാണ് നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും തിയേറ്റര്‍ തുറന്നത്. 167 ഓളം സിനിമകളാണ് തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലുമായി ഈ വര്‍ഷം റിലീസിനെത്തിയത്‌. മലയാളത്തില്‍ നിന്നും 84 ഓളം സിനിമകളും റിലീസ് ചെയ്‌തു.

Top ten box office Indian movies : 2021ല്‍ തിയേറ്ററില്‍ തിളങ്ങിയ ഇന്ത്യന്‍ സിനിമകള്‍..

1. പുഷ്‌പ : ദ റൈസ്‌

2021ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയാണ് അല്ലു അര്‍ജുന്‍റെ 'പുഷ്‌പ: ദ റൈസ്‌'. 234 കോടി രൂപയാണ് 'പുഷ്‌പ'യുടെ ഇതുവരെയുള്ള ബോക്‌സ്‌ ഓഫിസ്‌ കളക്ഷന്‍. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളില്‍ നിന്നുള്ള ചിത്രത്തിന്‍റെ കളക്ഷനാണിത്‌.

സമീപകാല ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം ഹൈപ്പുണ്ടാക്കിയ ചിത്രം കൂടിയാണ് 'പുഷ്‌പ : ദ റൈസ്‌'. അടുത്തിടെ നിരവധി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും മറ്റ്‌ തിയേറ്റര്‍ റിലീസുകളൊന്നും 'പുഷ്‌പ : ദ റൈസി'നെ ബാധിച്ചില്ല. ക്രിസ്‌മസിന് ഒരാഴ്‌ച മുമ്പാണ് 'പുഷ്‌പ' ഇറങ്ങിയത്.

2. സൂര്യവന്‍ശി

കൊവിഡ് ആശങ്കയില്‍ തിയേറ്ററിലെത്തിയ ബോളിവുഡ് ആക്ഷന്‍ ചിത്രമാണ് അക്ഷയ്‌ കുമാറിന്‍റെ 'സൂര്യവന്‍ശി'. അക്ഷയ്‌ കുമാറിനെ നായകനാക്കി രോഹിത്ത്‌ ഷെട്ടി ഒരുക്കിയ 'സൂര്യവന്‍ശി' തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ്‌ ചെയ്‌തിരുന്നു. ഭീകരവിരുദ്ധ സേന തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അക്ഷയ്‌ കുമാര്‍ അവതരിപ്പിച്ചത്. മുംബൈ നഗരത്തില്‍ സംഭവിക്കാനിടയുള്ള ഒരു ഭീകരാക്രമണത്തെ തടയുക എന്നതായിരുന്നു നായക കഥാപാത്രത്തിന്‍റെ മുന്നിലുള്ള മിഷന്‍.

നവംബര്‍ അഞ്ചിന് തിയേറ്റര്‍ റിലീസിനെത്തിയ ചിത്രത്തിന്‌ ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം ലഭിച്ചത്‌ 26.29 കോടിയായിരുന്നു. ആദ്യ രണ്ട്‌ ദിനങ്ങളില്‍ 50 കോടി നേടിയ ചിത്രം ആദ്യ അഞ്ച്‌ ദിനങ്ങളില്‍ 100 കോടിയും സ്വന്തമാക്കിയിരുന്നു.100 കോടി ക്ലബ്ബിലെത്തുന്ന അക്ഷയ്‌കുമാറിന്‍റെ 15ാമത്‌ ചിത്രം കൂടിയാണിത്‌. കൊവിഡാനന്തര നിയന്ത്രങ്ങളില്‍ 'സൂര്യവന്‍ശി'യുടെ ഈ കളക്ഷന്‍ വലിയ നേട്ടം തന്നെയായിരുന്നു. ആറാം ദിനത്തില്‍ 112 കോടി കളക്ഷനും ചിത്രം നേടി. 10 ദിവസം കൊണ്ട്‌ ഇന്ത്യയില്‍ നിന്നുമാത്രം 150 കോടിയും 17ാം ദിനത്തില്‍ 175 കോടിയുമാണ് 'സൂര്യവന്‍ശി' കൈവരിച്ചത്. 231.70 കോടിയാണ് ആകെ കളക്ഷന്‍.

3. അണ്ണാത്തെ

രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്‌ത അണ്ണാത്തെ ദീപാവലി റിലീസായി നവംബര്‍ നാലിനാണ് തിയേറ്ററുകളിലെത്തിയത്. രജനിയുടെ 168ാമത്തെ ചിത്രം മികച്ച ബോക്‌സ്‌ ഓഫിസ്‌ കളക്ഷനാണ് നേടിയത്. ആദ്യ ആഴ്‌ച തന്നെ അണ്ണാത്തെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. രണ്ടാം ആഴ്‌ചയില്‍ 24.65 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 227.12 കോടിയാണ് അണ്ണാത്തെയുടെ ആകെ കളക്ഷന്‍.

4. മാസ്‌റ്റര്‍

തിയേറ്റര്‍ റിലീസ്‌ കഴിഞ്ഞ്‌ 16 ദിവസങ്ങള്‍ക്ക്‌ ശേഷമാണ് വിജയ്‌യുടെ 'മാസ്‌റ്റര്‍' ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയത്‌. ലോകേഷ്‌ കനകരാജ്‌ വിജയ്‌യെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ വിജയ്‌ സേതുപതിയാണ് പ്രതിനായകന്‍റെ വേഷത്തിലെത്തിയത്‌. 209.60 കോടിയാണ് 'മാസ്‌റ്ററി'ന്‍റെ ആഗോള ബോക്‌സ്‌ ഓഫിസ്‌ കളക്ഷന്‍. തമിഴ്‌നാട്ടില്‍ മാത്രം 100 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍.

ജനുവരി 13ന്‌ തിയേറ്റര്‍ റിലീസായെത്തിയ ചിത്രം ജനുവരി 19ന്‌ ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്ന വിജയ്‌യുടെ ആദ്യ ചിത്രം കൂടിയാണിത്. 51.5 കോടിക്കാണ് ആമസോണ്‍ പ്രൈം മാസ്‌റ്ററുടെ ഡിജിറ്റല്‍ റൈറ്റ്‌സ്‌ സ്വന്തമാക്കിയത്. ഒടിടിയില്‍ ഒരു തമിഴ്‌ സിനിയ്‌ക്ക്‌ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്‌.

5. വക്കീല്‍ സാബ്‌

പവന്‍ കല്യാണിനെ നായകനാക്കി ശ്രീരാം വേണു സംവിധാനം ചെയ്‌ത തെലുങ്ക്‌ ചിത്രമാണ് വക്കീല്‍ സാബ്‌. അമിതാഭ്‌ ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ്‌ ചിത്രം പിങ്കിന്‍റെ തെലുങ്ക്‌ റീമേക്ക്‌ കൂടിയാണ് ചിത്രം. കൊവിഡ്‌ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്‍പതിനാണ് വക്കീല്‍ സാബ്‌ റിലീസിനെത്തിയത്. ആന്ധ്രപ്രദേശ്‌, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 32.24 കോടി രൂപയാണ് ചിത്രം നേടിയത്‌. 119.10 കോടിയാണ്‌ വക്കീല്‍ സാബിന്‍റെ ഇതുവരെയുള്ള ഗ്രോസ്‌ കളക്ഷന്‍.

6. അഖണ്ഡ

ലോകമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തെലുങ്ക്‌ ചിത്രമാണ് 'അഖണ്ഡ'. ഡിസംബര്‍ രണ്ടിനാണ് തിയേറ്റര്‍ റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. മോഹന്‍ലാലിന്‍റെ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം 'മരക്കാര്‍' റിലീസ്‌ ദിനമായിരുന്നു 'അഖണ്ഡ' യും പ്രദര്‍ശനത്തിനെത്തിയത്. പഞ്ച് ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സമ്പന്നമായ സിനിമയില്‍ ഇരട്ട വേഷത്തിലാണ് നന്ദമൂരി ബാലകൃഷ്‌ണ പ്രത്യക്ഷപ്പെടുന്നത്.

പ്രീ-റിലീസിലൂടെ മാത്രം 53 കോടിയാണ് 'അഖണ്ഡ' നേടിയത്. കൊവിഡ്‌ പ്രതിസന്ധിയിലും ലോകമെങ്ങും ബോക്‌സ്‌ ഓഫിസില്‍ വലിയ ചലനമാണ് ബോയാപട്ടി ശ്രീനുവിന്‍റെ 'അഖണ്ഡ' സൃഷ്‌ടിച്ചത്. നൂറ്‌ കോടി ക്ലബ്ബില്‍ ഇടം പിടിച്ച നന്ദമൂരി ബാലകൃഷ്‌ണയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'അഖണ്ഡ'. തെലങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നും മാത്രമായി 43 കോടിയോളം രൂപയാണ് ചിത്രം നേടിയത്. 103 കോടി രൂപയാണ് 'അഖണ്ഡ'യുടെ ആകെ കളക്ഷന്‍.

7. ഉപ്പേന

വിജയ്‌ സേതുപതി, വൈഷ്‌ണവ്‌ തേജ്‌, കൃതി ഷെട്ടി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ റൊമാന്‍റിക്‌ ഡ്രാമ ചിത്രം ഉപ്പേന ഈ വര്‍ഷത്തെ മികച്ച തിയേറ്റര്‍ റിലീസുകളില്‍ ഒന്നായിരുന്നു. 70 കോടി രൂപയായിരുന്നു ആദ്യ ആഴ്‌ചയിലെ ചിത്രത്തിന്‍റെ ആകെ കളക്ഷന്‍. ഫെബ്രുവരി 12നാണ് ഉപ്പേന തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം 9.35 കോടിയും, രണ്ടാം ദിനത്തില്‍ 6.86 കോടിയും, മൂന്നാം ദിനത്തില്‍ 8.2 കോടിയുമാണ് നേടിയത്. ഉപ്പേനയുടെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 93.30 കോടി രൂപയാണ്.

8. 83

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983 ലോകകപ്പ് വിജയം പശ്ചാത്തലമാക്കി ഒരുക്കിയ രണ്‍വീര്‍ സിങ്‌-കബീര്‍ ഖാന്‍ ചിത്രമാണ് 83. ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവിന്‍റെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ കപില്‍ ദേവായി വേഷമിട്ടത് രണ്‍വീര്‍ സിങ്ങാണ്. ഡിസംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആറ് ദിനം കൊണ്ട്‌ 5.80 കോടി നേടിയ ചിത്രം അഞ്ചാം ദിനത്തില്‍ 60.99 കോടി രൂപയാണ് സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 86 കോടിയാണ്.

9. ഡോക്‌ടര്‍

ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത തമിഴ്‌ ചിത്രമാണ് ഡോക്‌ടര്‍. കൊവിഡ്‌ രണ്ടാം തരംഗത്തിന് ശേഷം തിയേറ്റര്‍ തുറന്നപ്പോള്‍ ആദ്യമായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഡോക്‌ടര്‍. റിലീസ് ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കൂടുതല്‍ കുടുംബപ്രേക്ഷകര്‍ തിരികെയെത്തിയതും ഡോക്‌ടറെ കാണാനായിരുന്നു. കേരളത്തിലെ തിയേറ്ററുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 78 കോടിയാണ് ഡോക്‌ടറിന്‍റെ ആഗോള കളക്ഷന്‍.

10 മരക്കാര്‍

നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ ആവേശത്തിമര്‍പ്പോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം'. റെക്കോര്‍ഡ് സൃഷ്‌ടിച്ചുകൊണ്ടാണ് 'മരക്കാര്‍' ലോക വ്യാപകമായി പ്രര്‍ശനത്തിനെത്തിയത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് 'മരക്കാര്‍' റിലീസിനെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു മരക്കാറിന് ലഭിച്ചത്.

റിലീസിന് മുമ്പേ 'മരക്കാര്‍' 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. 39.72 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഗ്രോസ്‌ കളക്ഷന്‍.

Also Read : 2021 Top movies in OTT platforms : 2021ല്‍ ഒടിടിയില്‍ തിളങ്ങിയ മികച്ച ഇന്ത്യന്‍ സിനിമകള്‍

ABOUT THE AUTHOR

...view details