ഛായാഗ്രഹണമായാലും സംവിധാനമായാലും രാജീവ് രവി എന്ന പേര് മലയാളിക്ക് പ്രിയപ്പെട്ടതാണ്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനായ ഛായഗ്രഹകന്‍റെ അഞ്ചാമത്തെ സിനിമയാണ് നിവിന്‍ പോളി നായകനായ തുറമുഖം. കമ്മട്ടിപ്പാടം എന്ന ദുല്‍ഖര്‍ ഹിറ്റിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് തുറമുഖം. സിനിമയുടെ ഷൂട്ടിങ് അടക്കമുള്ളവ പുരോഗമിക്കുകയാണ്.
റിലീസിന് മുമ്പേ പുതിയൊരു നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഇപ്പോള്‍ തുറമുഖം. ചിത്രത്തിന്‍റെ പോസ്റ്ററാണ് ഒരു നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഫിലിം കംപാനിയന്‍ തെരഞ്ഞെടുത്ത 2020ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകളില്‍ തുറമുഖത്തിന്‍റെ പോസ്റ്ററും ഇടം നേടി. പത്ത് പോസ്റ്ററുകളില്‍ അഞ്ചാം സ്ഥാനമാണ് തുറമുഖത്തിന്‍റെ പോസ്റ്ററിന്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ് തുറമുഖം. ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പോസ്റ്ററിലെ അതിശയകരമായ ഗ്രാഫിക്‌സ് നോവല്‍ ശൈലി ചിത്രീകരണവും വിശാലമായ ക്യാന്‍വാസും പോസ്റ്ററിന് ഇതിഹാസ സമാനമായ അളവുകോല്‍ നല്‍കി എന്നാണ് ഫിലിം കംപാനിയന്‍ അഭിപ്രായപ്പെട്ടത്. പ്രശസ്ത പോസ്റ്റര്‍ ഡിസൈനേഴ്സായ ഓള്‍ഡ് മോങ്കസാണ് തുറമുഖത്തിന്‍റെ പോസ്റ്റര്‍ ഒരുക്കിട്ടുള്ളത്.