കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുറമുഖം'. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം 13ന് തുറമുഖം പ്രദർശനത്തിനെത്തും.
"സിനിമ തിരിച്ചുവരുന്നു! അവസാനം, തുറമുഖം 2021 മെയ് 13ന് റിലീസ് ചെയ്യും. എല്ലാവരെയും തിയേറ്ററിൽ കാണാം," എന്ന് നിവിൻ പോളി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
മട്ടാഞ്ചേരി തുറമുഖത്തിലെ തൊഴിലാളികളുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന തുറമുഖത്തിൽ നിമിഷ സജയന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍. സുദേവ് നായർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കെ.എം ചിദംബരം എഴുതിയ തുറമുഖം എന്ന നാടകത്തെ വെള്ളിത്തിരയിലേക്ക് പകർത്തുമ്പോൾ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ചിദംബരത്തിന്‍റെ മകൻ ഗോപന്‍ ചിദംബരമാണ്. അമല്‍ നീരദിന്‍റെ ഫഹദ് ഫാസിൽ ചിത്രം ഇയ്യോബിന്‍റെ പുസ്തകത്തിന്‍റെ രചയിതാവും ഗോപന്‍ ചിദംബരമായിരുന്നു. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് ചിത്രം നിർമിക്കുന്നത്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിലൂടെ രാജീവ് രവി പറയുന്നത്. പോയ വർഷത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകളില്‍ ഒന്നായി ഫിലിം കംപാനിയന്‍ തുറമുഖത്തിലെ പോസ്റ്ററിനെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ, അമ്പതാമത് റോട്ടര്‍ഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലും മലയാളചിത്രം മത്സരിക്കുന്നുണ്ട്. തുറമുഖത്തിന്‍റെ വേൾഡ് പ്രീമിയർ കൂടിയാണ് റോട്ടർഡാമിലെ പ്രദർശനത്തിലൂടെ സാധ്യമാക്കുന്നത്.