എട്ടാമത്തെ വയസിൽ അരങ്ങിലെ സിദ്ധാർഥനായി തുടങ്ങി എൺപതാം വയസിൽ എത്തിനിൽക്കുമ്പോൾ, അഭ്രപാളിയിലെ ദൃശ്യചാരുതക്കും അനുഭവപ്രാവിണ്യത്തിനും നിർവചനമാവുകയാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാപ്രതിഭ. പിന്നെയും രണ്ടു വർഷങ്ങൾ കഴിഞ്ഞ് കപടയോഗിയിലൂടെ ആദ്യമായി തിരക്കഥയെഴുതി തിരശ്ശീലക്ക് പിന്നിലുണ്ടായിരുന്നു അദ്ദേഹം. മലയാള സിനിമയെ ലോകത്തില്‍ കൊടിയേറ്റിയ കഥാപുരുഷൻ എണ്‍പതാണ്ടിന്‍റെ നിറവിലെത്തുമ്പോള്‍ സിനിമ തപസ്യ തുടങ്ങിയിട്ട് അരനൂറ്റാണ്ടായെന്ന പ്രത്യേകത കൂടിയുണ്ട് ഈ വര്‍ഷം.
അടൂരിനെ ഒറ്റവാക്യത്തില്‍ നിര്‍വചിക്കാൻ പറഞ്ഞാല്‍ 'മലയാളം എന്ന ഭാഷയെ വിശ്വത്തിലെത്തിച്ചയാള്‍' എന്നു മാത്രമേ എഴുതാനാവൂ. ലോകത്തിന് സമ്മാനിച്ച 12 ഫീച്ചര്‍ ഫിലിമുകളില്‍ 11എണ്ണവും അടൂരിന്‍റെ ബാല്യകാലത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. അതില്‍ 'പിന്നെയും' എന്ന സിനിമ മാത്രമാണ് ഈ ഗണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. അരങ്ങു നല്‍കിയ അനുഭവതീക്ഷ്‌ണതയും സിനിമയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവും, നീണ്ട അമ്പത് വർഷക്കാലയളവിലെ സിനിമാവിഷ്‌കാരത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും മലയാളത്തിന്‍റെ യശസ്സിനെ കൊടുമുടിയിലെത്തിച്ചു.
സിനിമയെ കുറിച്ച് വ്യക്തമായ അവബോധത്തോടെ പൂനെ ഫിലിം സിറ്റിയിൽ നിന്നും പഠിച്ചിറങ്ങി കാമറക്കരികിലെത്തുമ്പോൾ, തന്‍റെ സിനിമകൾ വെറും രസകൊല്ലികളാകരുതെന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നു. സിനിമയും നാടകവും വ്യത്യസ്‌തമായി രൂപപ്പെടുത്തിയാണ് അടൂർ തന്‍റെ സൃഷ്‌ടികളോരോന്നും പകർത്തിവച്ചതും.
മലയാളത്തിന്‍റെ ഗ്രാമങ്ങളിലേക്ക് സിനിമയെ കൊണ്ടെത്തിച്ചതിൽ, അടൂർ ഗോപാലകൃഷ്ണന്‍റെ ആദ്യചിത്രമായ സ്വയംവരവും അദ്ദേഹം സ്ഥാപിച്ച ചിത്രലേഖ ഫിലിം സൊസൈറ്റി എന്ന പ്രസ്ഥാനവും നാഴികക്കല്ലുകളായി. ചലചിത്ര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ തന്നെ ആദ്യത്തേയും ചിലപ്പോള്‍ അവസാനത്തെയും ചലച്ചിത്ര സഹകരണ പ്രസ്ഥാനമായിരിക്കാം ചിത്രലേഖ.
സ്വയംവരം
1972ല്‍ 123 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വയംവരം ചിത്രം ജീവിതവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ കാഴ്‌ചപ്പാടുകളിലൂന്നിയുള്ള അവതരണമായിരുന്നു. കേരളത്തിലെ മധ്യവർഗ കുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വയംവരം ഒരുക്കിയത്. മദ്യം ഉൾപ്പെടെയുള്ള സാമൂഹികവിപത്തുകൾ എങ്ങനെ മനുഷ്യന്‍റെ സ്വാഭാവികമായ ജീവിതത്തെ ബാധിക്കുന്നുവെന്ന് അടൂർ കാഴ്‌ചകളാക്കി അവതരിപ്പിച്ചു.
കൊടിയേറ്റം
മികച്ച സംവിധായകനും മികച്ച നടിക്കുമുള്ള ദേശീയ അവാർഡുകൾ നേടിയ സ്വയംവരത്തിന് ശേഷം രണ്ടാമത്തെ ചിത്രം കൊടിയേറ്റത്തിനുള്ള ചെലവിനായി അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്നു അടൂരിന്. പശ്ചാത്തലസംഗീതമില്ലാതെ, നൈസർഗിക ശബ്‌ദങ്ങൾ ഉപയോഗിച്ച് വളരെ സ്വാഭാവികമായി ജീവിതത്തെ വരച്ചുകാട്ടുകയായിരുന്നു കൊടിയേറ്റത്തിലൂടെ സംവിധായകൻ.
എലിപ്പത്തായം
മലയാള സിനിമക്ക് അന്താരാഷ്ട്ര വിലാസം നൽകിയത് 1982ൽ ഇറങ്ങിയ എലിപ്പത്തായത്തിലൂടെയാണ്. അന്തർദേശീയ തലത്തിൽ അടയാളപ്പെടുത്തിയ ഇതേ ചിത്രമാണ് അടൂർ ഗോപാലകൃഷ്ണന്‍റെ ആദ്യ കളർ സിനിമയും. കറുപ്പിലും വെളുപ്പിലും മാത്രമുള്ള ദൃശ്യാനുഭവത്തിന് നിറം വച്ചപ്പോൾ, തന്‍റെ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ഫ്രെയിമുകളെയും സസൂഷ്മം നിരീക്ഷിച്ചാണ് അടൂർ അവർക്ക് ഛായം നിറച്ചത്.
ചുമപ്പും പച്ചയും വെളുപ്പും തെളിഞ്ഞ ഛായങ്ങൾ ഓരോ കഥാപാത്രങ്ങൾക്കായും പ്രത്യേകം നൽകി. ചിത്രത്തിലുടനീളം നിഴലിച്ചുനിന്നത് ചാരനിറമായിരുന്നു. ജീർണിച്ചു തുടങ്ങിയ ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയായിരുന്നു സിനിമയുടെ കഥാപശ്ചാത്തലമെന്നതിനാൽ തന്നെ, മനഃപൂർവമായാണ് ഈ നിറത്തിലേക്ക് അടൂർ എത്തിയത്.
More Read: സിനിമയുടെ കഥാപുരുഷൻ എണ്‍പതിന്‍റെ കൊടിയേറ്റത്തില്‍
കാൻസ് ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി പ്രവേശനം ലഭിച്ച ആദ്യത്തെ മലയാളചിത്രം കൂടിയാണ് എലിപ്പത്തായം. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റൂട്ടിന്‍റെ പ്രത്യേക പുരസ്കാരത്തിനും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. എലിപ്പത്തായം എന്ന സ്വന്തം ചിത്രത്തിന്‍റെ ശബ്ദലേഖകനും അടൂരായിരുന്നു. 2009ൽ ഗോവയിലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ തെരഞ്ഞെടുത്ത, 'ഇന്ത്യയിൽ നിർമിക്കപ്പെട്ട എക്കാലത്തെയും മികച്ച 20 ചിത്രങ്ങൾ' എന്ന പട്ടികയിൽ മലയാളത്തിൽ നിന്ന് എലിപ്പത്തായവും സ്ഥാനം പിടിച്ചിട്ടുണ്ട്.
മുഖാമുഖം
സർഗാത്മകതയെയും അന്യാവസ്ഥയെയും വ്യക്തിത്വത്തെയും സിനിമ എന്ന മാധ്യമത്തിലൂടെ വ്യക്തമാക്കുകയായിരുന്നു അടൂരിന്‍റെ മുഖാമുഖം. 1984ൽ റിലീസ് ചെയ്‌ത മുഖാമുഖത്തിലൂടെ സർഗാത്മകതയെയും മനശാസ്ത്രവശത്തെയും കുറിച്ചുള്ള അടൂരിന്‍റെ അന്വേഷണം ആരംഭിച്ച്, അത് പിന്നീട് അനന്തരം, മതിലുകൾ ചിത്രങ്ങളിലൂടെ വളരുന്നത് കാണാം.
അനന്തരം
ആദ്യ ചിത്രങ്ങളിലൂടെ തന്നെ അന്താരാഷ്‌ട്ര പ്രശസ്തി നേടി ഒപ്പം മലയാളിയുടെ കാഴ്ചാശീലങ്ങളെ മാറ്റിപ്പണിയുകയും നവീകരിക്കുകയും ചെയ്‌ത അടൂരിന്‍റെ അഞ്ചാമത്തെ ചിത്രമാണ് അനന്തരം. മമ്മൂട്ടി, അശോകൻ, ശോഭന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 1987ലാണ് റിലീസ് ചെയ്‌തത്. എണ്‍പതുകളിലെ ചെറുപ്പക്കാർക്ക് അവരുടേതായ മാനസികതലങ്ങളില്‍ നിന്നുകൊണ്ട് അശോകൻ അവതരിപ്പിച്ച അജയനുമായി താതാന്മ്യം പ്രാപിക്കാനായിട്ടുണ്ടെന്ന് പറയാം.
മതിലുകൾ
അടൂരിന്‍റെ സിനിമകളിലെല്ലാം കരുത്തുറ്റവരായിരുന്നു സ്‌ത്രീകൾ. ആണിന്‍റെ നിഴലിൽ ഒതുക്കപ്പെടാതെ വ്യക്തമായ സ്വത്വവും ശബ്‌ദവുമുണ്ടായിരുന്നവർ. മതിലുകൾക്കപ്പുറത്ത് പ്രേക്ഷകൻ വെറും ശബ്‌ദത്തിലൂടെ മാത്രം പരിചയപ്പെട്ട നാരായണിയിൽ അത് വളരെ പ്രകടമായിരുന്നു. തൊണ്ണൂറുകളുടെ ആദ്യ വർഷം പുറത്തിറങ്ങിയ മതിലുകൾ ആകട്ടെ ഒരു നോവലിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ അടൂർ ചിത്രം കൂടിയാണ്.
More Read: അടൂരിന്‍റെ ബഷീറിനും നാരായണിക്കും ഇന്ന് 32 വർഷങ്ങൾ