ഇന്ത്യ മുഴുവൻ തരംഗമായിരുന്നു ആരാധകർക്കൊപ്പം നടന്‍ വിജയി എടുത്ത സെൽഫി. മാസ്റ്റർ സിനിമയുടെ നെയ്‌വേലിയിലെ ലൊക്കേഷനിൽ വെച്ചായിരുന്നു താരം ആരാധകര്‍ക്കൊപ്പം സെൽഫി പകര്‍ത്തിയത്. വിവാദമായ ആദായനികുതി റെയ്ഡിന് ശേഷം മാസ്റ്റർ ലൊക്കേഷനിൽ തിരിച്ചെത്തിയ താരത്തെ കാണാൻ ആയിരക്കണക്കിന് ആരാധകരായിരുന്നു എത്തിയത്. അപ്പോഴാണ് താരം വൈറലായ ഫോട്ടോ പകര്‍ത്തിയത്.
വിജയ് തന്‍റെ കാരവാനിന് മുകളിൽ കയറിയാണ് ആരാധകർക്കൊപ്പം സെൽഫി എടുത്തത്. തമിഴ് സിനിമയിലെ മാസ് രംഗങ്ങളെപ്പോലും വെല്ലുന്നതായിരുന്നു നെയ്‌വേലിയിൽ അരങ്ങേറിയത്. ഇപ്പോഴിതാ രണ്ടാം ദിവസവും തന്നെ കാണാന്‍ ഒഴുകിയെത്തിയ ആരാധകരെ അഭിസംബോധന ചെയ്യുന്നതിന്‍റെ ഡ്രോൺ ഷോട്ട് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ അറ്റ്ലിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുെവച്ചത്.
ശങ്കർ സിനിമ കാണുന്ന വികാരത്തോടെയാണ് ഈ ദൃശ്യം കാണുന്നതെന്നാണ് ദളപതി ആരാധകര്‍ വീഡിയോക്ക് താഴെ കുറിച്ചത്. അതേസമയം ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം ഹാജരാകാമെന്ന് കാണിച്ച് വിജയുടെ അഭിഭാഷകന്‍ കത്ത് നല്‍കി. മൂന്നു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കത്ത് നല്‍കിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ നെയ്‌വേലി സൈറ്റിലാണ് താരമുള്ളത്. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നടക്കുന്ന ചിത്രീകരണം മുടങ്ങുന്നത് നിര്‍മാതാവിന് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നും ആയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.