മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി പ്രേക്ഷകർ വലിയ ആകാംക്ഷയിലാണ്. മലയാളത്തിന്‍റെ മെഗാസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും ദി പ്രീസ്റ്റിലൂടെയാണ് ഒരുമിച്ച് അഭിനയിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച മലയാളചിത്രം കൊവിഡിൽ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. എന്നാൽ, ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതോടെ, സിനിമയുടെ അവസാന ഘട്ട ചിത്രീകരണം കഴിഞ്ഞ ഒക്‌ടോബറിൽ തുടങ്ങി നവംബർ ആദ്യവാരത്തിൽ പൂർത്തിയാക്കുകയും ചെയ്‌തു.
ഇപ്പോഴിതാ കേരളത്തിൽ അഞ്ചാം തിയതി മുതൽ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയതോടെ, ദി പ്രീസ്റ്റും ഉടനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ പോസ്റ്റർ റിലീസ് ചെയ്‌തുകൊണ്ടാണ് നിർമാതാക്കൾ ദി പ്രീസ്റ്റിന്‍റെ വരവ് അറിയിക്കുന്നത്. പോസ്റ്റർ റിലീസ് ചെയ്‌ത് മിനിറ്റുകൾക്കുള്ളിൽ തന്നെ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ലുക്കിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഹോളിവുഡ് ലുക്കിലാണ് മെഗാസ്റ്റാറെന്നും എഴുപതാം വയസിലും യൂത്തൻ ലുക്കാണ് താരത്തിനെന്നും ആരാധകർ കമന്‍റ് നൽകി.
നവാഗതനായ ജോഫിൻ.ടി.ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും കൂടാതെ നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ്, മോണിക്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാഹുൽ രാജാണ് സംഗീതം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ.ഡി ഇല്ലുമിനേഷൻസിന്‍റെയും ബാനറിൽ ആന്‍റോ ജോസഫും സംവിധായകൻ ബി.ഉണ്ണികൃഷ്ണനും ചേർന്നാണ് ദി പ്രീസ്റ്റ് നിർമിക്കുന്നത്.