പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന രാജീവ് രവി ചിത്രമാണ് തുറമുഖം. മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളികളുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയിരിക്കുന്ന തുറമുഖം സിനിമ ഇപ്പോള്‍ അമ്പതാമത് റോട്ടര്‍ഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകള്‍ക്കൊപ്പം തുറമുഖം മത്സരിക്കും.
'തുറമുഖം' റോട്ടർഡാം ചലച്ചിത്ര മേളയിലേക്ക് - thuramukham Rotterdam Film Festival news
തുറമുഖത്തിന്‍റെ വേൾഡ് പ്രീമിയർ കൂടിയാണ് റോട്ടർഡാമിലെ പ്രദർശനത്തിലൂടെ സംഭവിക്കാന്‍ പോകുന്നത്.
തുറമുഖത്തിന്‍റെ വേൾഡ് പ്രീമിയർ കൂടിയാണ് റോട്ടർഡാമിലെ പ്രദർശനത്തിലൂടെ സംഭവിക്കാന്‍ പോകുന്നത്. നിവിൻ പോളി നായകനായ ചിത്രത്തിൽ നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റ് താരങ്ങൾ. കെ.എം ചിദംബരം എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്‌പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇയ്യോബിന്‍റെ പുസ്‌തകത്തിന്‍റെ തിരക്കഥാകൃത്തും കെ.എം ചിദംബരത്തിന്‍റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.
2016 ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തൊഴിലില്ലായ്‌മ രൂക്ഷമായ കാലത്ത് തൊഴില്‍ വിഭജനത്തിനായി ആവിഷ്‌കരിച്ച സമ്പ്രദായമാണ് ചാപ്പ. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് നേരെ ടോക്കണുകള്‍ എറിഞ്ഞ് കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. അന്നയും റസൂലും കമ്മട്ടിപ്പാടവുമെല്ലാം മലയാളത്തിന് സമ്മാനിച്ച രാജീവ് രവിയുടെ തുറമുഖത്തിന്‍റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.