"ട്രാൻസ് വെറും ഒരു സിനിമയല്ല, എല്ലാ അന്ധവിശ്വസികളും കണ്ടറിയേണ്ടതാണ്," ഫഹദ് ഫാസില്‍ ചിത്രം ട്രാൻസിനെ പ്രശംസിച്ച് നടനും നിർമാതാവുമായ തമ്പി ആന്‍റണി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ. ക്രിസ്ത്യൻ പാസ്റ്റർമാരുടെ പശ്ചാത്തലം കഥയ്ക്ക് തെരഞ്ഞെടുത്തത് യുക്തിപൂർവമാണ്. മറ്റേത് മതം തെരഞ്ഞെടുത്താലാണ് ഇത്രയും മെലോഡ്രാമയും കോമഡിയും അവതരിപ്പിക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചിത്രത്തിനെ കുറിച്ചെഴുതിയ ആസ്വാദന കുറിപ്പിൽ പറയുന്നു. ട്രാൻസിന്‍റെ തിരക്കഥ എഴുതിയതും ഒരു ക്രിസ്‌ത്യാനിയാണ്. ചിത്രത്തിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നവർ ആരും വിശ്വാസികളല്ല, പകരം കച്ചവടക്കാരാണ്. ചിത്രത്തിന്‍റെ നിർമാതാക്കൾ കളക്ഷനിൽ ശ്രദ്ധ ചെലുത്തുന്നത് പോലെയാണ് മതത്തിലും സംഭവിക്കുന്നതെന്ന് തമ്പി ആന്‍റണി കുറിച്ചു. ക്രിസ്ത്യാനികളെ അനുകരിച്ച് മറ്റ് മതങ്ങളും ഇത്തരം സ്റ്റേജ് ഷോകൾ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ട്രാൻസ്' അന്ധവിശ്വാസികൾ കണ്ടറിയേണ്ട ചിത്രമെന്ന് തമ്പി ആന്‍റണി - ഫഹദ് ഫാസില്‍
ക്രിസ്ത്യൻ പാസ്റ്റർമാരുടെ പശ്ചാത്തലം കഥയ്ക്ക് തെരഞ്ഞെടുത്തത് യുക്തിപൂർവമാണെന്നും മതം ഉപയോഗിച്ച് കച്ചവടം നടത്തുന്ന അന്ധവിശ്വാസികൾ കണ്ടിരിക്കേണ്ട സിനിമ കൂടിയാണ് ട്രാൻസ് എന്നും തമ്പി ആന്‍റണി പറഞ്ഞു.
സ്‌ത്രീകൾ കയറിയാല്‍ അശുദ്ധമാകും എന്ന് പറയുന്ന അവിശ്വാസികളായ ആണുങ്ങളെയും പൂജാരികളെയും വിശ്വസിക്കരുത്. പാപമോചനത്തിനും ആഗ്രഹസാഫല്യത്തിനും വേണ്ടി ഭർത്താവിനെയും കുട്ടികളെയും പുണ്യസ്ഥലങ്ങളിലേക്ക് വിടുന്ന സ്‌ത്രീകളുടെ പ്രവണതയെയും കുറിപ്പിൽ തമ്പി ആന്‍റണി വിമർശിക്കുന്നുണ്ട്. ഇതുപോലെ വിശ്വാസത്തിന്‍റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്നവർക്ക് വേണ്ടിയുള്ള സിനിമയാണിത്. മികച്ച അഭിനയമാണ് ചിത്രത്തിൽ ഓരോരുത്തരും കാഴ്ചവച്ചത്. അതേസമയം, ചിത്രത്തിന്‍റെ രണ്ടാം പകുതിയിലെ ആവശ്യമില്ലാത്ത മെലോഡ്രാമകൾ ഒഴിവാക്കാമായിരുന്നെന്നും ഇങ്ങനെയുള്ള വലിച്ചു നീട്ടലുകൾ ഇല്ലാതിരുന്നെങ്കിൽ സിനിമ ഗംഭീരമാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തോട് കലാകാരന്മാർക്കുള്ള പ്രതിബന്ധതയുടെ തെളിവാണ് ട്രാൻസ് എന്നു കൂടി കുറിച്ചുകൊണ്ടാണ് തമ്പി ആന്‍റണി തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.