മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദളപതി 65 ആണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് നായകന്‍ വിജയ്‌യുടെ 47 ആം പിറന്നാളിന് മുന്നോടിയായി റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ആരാധകരെല്ലാം ആവേശത്തിലാണ്. ജൂണ്‍ 21 വൈകിട്ട് ആറ് മണിക്കായിരിക്കും ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്യുകയെന്നും അറിയുന്നു.
നെല്‍സണ്‍ ദിലീപ് കുമാറിന്‍റെ ദളപതി 65
കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പാണ് ഒരു മാസം നീണ്ട ജോര്‍ജിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ്‌യും ദളപതി 65 സംഘവും ചെന്നൈയില്‍ തിരിച്ചെത്തിയത്. അവശേഷിക്കുന്ന ഭാഗങ്ങള്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ കണക്കിലെടുത്ത് ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക.
പൂജ ഹെഗ്‌ഡെ നായികയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് നയന്‍താര ചിത്രം കൊലമാവ് കോകില, ഡോക്ടര്‍ എന്നിവയുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാറാണ്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ആക്ഷന്‍ എന്‍റര്‍ടെയ്‌നറായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം സിനിമ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് തുടങ്ങിയവരും ദളപതി 65ല്‍ അഭിനയിക്കുന്നുണ്ട്.
Also read:കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ റിലീസ് നീണ്ടേക്കും
കൊവിഡിന് ശേഷം തിയറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയത് വിജയ്‌യുടെ മാസ്റ്ററായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ പ്രദര്‍ശനം പ്രതിസന്ധിയിലായിരുന്ന സിനിമ മേഖലയ്‌ക്ക് സാമ്പത്തികമായി വലിയ ഉണര്‍വ് നല്‍കിയിരുന്നു.