മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്‍റെ തെലുങ്ക് പതിപ്പ് 2014ൽ പുറത്തിറങ്ങി. ദൃശ്യം എന്ന ടൈറ്റിലിൽ വെങ്കിടേഷിനെ നായകനാക്കി നടിയും സംവിധായികയുമായ ശ്രീപ്രിയയാണ് തെലുങ്കിൽ ചിത്രമൊരുക്കിയത്.
ദൃശ്യം 2 മലയാളത്തിൽ റിലീസിനെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ തെലുങ്ക് റീമേക്കിനെ കുറിച്ചും വാർത്തകൾ വന്നു. തെലുങ്കിൽ ദൃശ്യം 2 ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുമെന്നും ഇതിനായി സംവിധായകൻ രണ്ട് ദിവസം മുമ്പ് ഹൈദരാബാദിലെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സൂചനകളുണ്ടായിരുന്നു.
ഇപ്പോഴിതാ, തെലുങ്ക് ദൃശ്യം 2വിനെ കുറിച്ച് വ്യക്തമാക്കി ജീത്തു ജോസഫ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തെലുങ്കിൽ രണ്ടാം പതിപ്പിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്നും മാർച്ചിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും ജീത്തു ജോസഫ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു. തെലുങ്ക് നടൻ വെങ്കിടേഷ്, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദൃശ്യം 2 തെലുങ്ക് റീമേക്കിനെ കുറിച്ച് ജീത്തു ജോസഫ് ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.
തെലുങ്കിൽ വെങ്കിടേഷ്- മീന ജോഡിക്കൊപ്പം നദിയാ മൊയ്തു, കൃതിക ജയകുമാർ, എസ്തർ അനിൽ എന്നിവരാണ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. രാജ്കുമാർ സേതുപതിയായിരുന്നു ആദ്യ പതിപ്പിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. രണ്ടാം ഭാഗം ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിർവാദ് സിനിമാസ് നിർമിക്കുമെന്നാണ് ജീത്തു ജോസഫിന്‍റെ പോസ്റ്റിലൂടെ വ്യക്തമാകുന്നത്.
മലയാളത്തിന് പുറമെ, തെലുങ്കിലും ദൃശ്യം 2 പുറത്തിറങ്ങുന്നതോടെ, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലുള്ള റീമേക്കിനും ആരാധകർ കാത്തിരിക്കുകയാണ്.