തെലുങ്കിലെ മുതിര്‍ന്ന ഹാസ്യനടി പവാല ശ്യാമള പട്ടിണിയില്‍. മരുന്നിനോ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനോ പണമില്ലെന്ന് താരം. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട നടിക്ക് ഉടന്‍ സഹായമെത്തിച്ച് നടന്‍ ചിരഞ്ജീവി. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഷൂട്ടിങ് നിലച്ചതോടെ ലഭിച്ച പുരസ്‌കാരങ്ങള്‍ വിറ്റാണ് ജീവിക്കാനുള്ള മാര്‍ഗം ശ്യാമള കണ്ടെത്തിയത്. 'കടുത്ത ദാരിദ്രത്തിലാണ് ഞാന്‍. നേരത്തെയും പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ ഈ അവസരത്തില്‍ നേരിടുന്ന കഷ്ടപ്പാട് എന്നെ ഭയപ്പെടുത്തുന്നു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് എന്‍റെ മകള്‍ കുറച്ച് കാലങ്ങളായി കിടപ്പിലാണ്. എല്ലാ മാസവും പതിനായിരത്തോളം രൂപ വേണം ചികിത്സയ്ക്ക്. ആരും ഇതുവരെ സഹായിക്കാന്‍ വന്നില്ല. ഒടുവില്‍ പുരസ്‌കാരങ്ങള്‍ വില്‍ക്കേണ്ടി വന്നു' ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ല... പുരസ്‌കാരങ്ങള്‍ വിറ്റ് പവാല ശ്യാമള, ഉടന്‍ ധനസഹായമെത്തിച്ച് ചിരഞ്ജീവി
ശ്യാമളയുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ ചിരഞ്ജീവി 1,01,500 രൂപ നല്‍കി. ശ്യാമളയ്ക്ക് എംഎഎ അംഗത്വം ലഭിക്കുന്നതിന് ഈ പണം ഉപയോഗിക്കും
സംഭവം വാര്‍ത്തയായതോടെയാണ് ധനസഹായവുമായി ചിരഞ്ജീവി എത്തിയത്. ശ്യാമളയുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ ചിരഞ്ജീവി 101500 രൂപ നല്‍കി. ശ്യാമളയ്ക്ക് എംഎഎ അംഗത്വം ലഭിക്കുന്നതിന് ഈ പണം ഉപയോഗിക്കും. ഇതോടെ നടിക്ക് പ്രതിമാസം 6000 രൂപ ധനസഹായവും കൂടാതെ മൂന്ന് ലക്ഷം രൂപ മെഡിക്കല്‍ ഇന്‍ഷുറന്‍സും ലഭിക്കും. 1984 മുതല്‍ സിനിമയില്‍ സജീവമായ നടിയാണ് ശ്യാമള. ഇതിനോടകം 250ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. നേനു ലോക്കല്‍ എന്ന ചിത്രത്തിലാണ് ശ്യാമള അവസാനമായി അഭിനയിച്ചത്.
Also read: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വരവില്‍ ശൈലജ ടീച്ചറില്ല, സോഷ്യല്‍മീഡിയയില്‍ വാക്‌പോര്