കൊവിഡ് പശ്ചാത്തലത്തിൽ കാണികളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് രാജ്യത്തെ മിക്ക തിയേറ്ററുകളും പ്രവർത്തിക്കുന്നത്. എന്നാൽ, പൊങ്കൽ റിലീസായി വിജയ് ചിത്രം മാസ്റ്റർ പ്രദർശനത്തിന് എത്തുന്നതിനാൽ, തിയേറ്ററുകളിൽ മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് തന്നെ രണ്ട് ദിവസം മുമ്പ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു.
മാസ്റ്റർ റിലീസിനും മുഴുവൻ കാണികളെ പ്രവേശിപ്പിക്കില്ല
മാസ്റ്റർ റിലീസ് പ്രമാണിച്ച് തിയേറ്ററുകളിൽ മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകളിലെ നിയന്ത്രണം തുടരും.
പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. അതിനാൽ തന്നെ ചിത്രത്തിന്‍റെ പ്രദർശനത്തിന് തിയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലും കാണികളെ ഉൾപ്പെടുത്തണമെന്ന് വിജയ്‌യും ആരാധകരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ തീരുമാനം തമിഴ്‌നാട്ടിലും പുറത്ത് സംസ്ഥാനങ്ങളിലുമായി മാസ്റ്ററിനെ കാത്തിരിക്കുന്ന ആരാധകരെ നിരാശയിലാക്കുന്നതാണ്. കൊവിഡ് വ്യാപനത്തിനെതിരെയുള്ള മുൻകരുതലിന്‍റെ ഭാഗമായി ജനുവരി 31വരെയും പകുതി സീറ്റുകളിൽ മാത്രം ആളുകളെ ഉൾക്കൊള്ളിച്ചായിരിക്കും പ്രദർശനം നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ, വിജയ്- വിജയ് സേതുപതി ഒന്നിച്ചെത്തുന്ന തമിഴ് ചിത്രത്തിന്‍റെ റിലീസ് ഡേ കലക്ഷൻ റെക്കോഡും ആശങ്കയിലാണ്.