വിജയ് ചിത്രം വേട്ടൈക്കാരന്‍റെ സംവിധായകന്‍ ബാബു ശിവന്‍ അന്തരിച്ചു
നടന്‍ വിജയ് ആന്‍റണി അടക്കം തമിഴ് സിനിമാ മേഖലയിലെ നിരവധി പേര്‍ ബാബു ശിവന്‍റെ നിര്യാണത്തില്‍ സോഷ്യല്‍മീഡിയകള്‍ വഴി അനുശോചനം രേഖപ്പെടുത്തി
വിജയ്-അനുഷ്ക താരജോഡികള്‍ ഒന്നിച്ചെത്തിയ തമിഴ് ആക്ഷന്‍ റൊമാന്‍റിക് ചിത്രം വേട്ടൈക്കാരന്‍റെ സംവിധായകനും തിരക്കഥാകൃത്തുമായ ബാബു ശിവന്‍ അന്തരിച്ചു. 54 വയസായിരുന്നു. കരള്‍-വൃക്ക സംബന്ധമായ അസുഖത്തിനൊപ്പം ശ്വസനസംബന്ധമായ അസ്വസ്ഥതകളെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ചെന്നൈ മടമ്പാക്കത്തായിരുന്നു ബാബു ശിവന്‍റെ താമസം. ഞായറാഴ്ച നീറ്റ് പരീക്ഷയുണ്ടായിരുന്ന മക്കള്‍ക്കൊപ്പം ഭാര്യയും പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ ബാബു ശിവനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തംബാരത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൊവിഡ് ചികിത്സാകേന്ദ്രം ആയിരുന്നതിനാല്‍ അവിടെ പ്രവേശനം ലഭിച്ചില്ല. പിന്നീട് മറ്റൊരു സ്വകാര്യാശുപത്രില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. ഇവിടെയാണ് ഡയാലിസിസ് നടത്തിയത്. കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. സംവിധായകന്‍ ധരണിയുടെ അസിസ്റ്റന്‍റായാണ് സിനിമാ ജീവിതം ആരംഭിച്ചത്. വിജയ്‌യുടെ കുരുവിക്ക് കഥയെഴുതിയത് ബാബു ശിവനായിരുന്നു. ചിത്രം സംവിധാനം ചെയ്തത് ധരണിയായിരുന്നു. വേട്ടൈക്കാരന്‍ മാത്രമാണ് ബാബു ശിവന്‍ സംവിധാനം ചെയ്തിട്ടുള്ളത്. നടന്‍ വിജയ് ആന്‍റണി അടക്കം തമിഴ് സിനിമാ മേഖലയിലെ നിരവധി പേര്‍ ബാബു ശിവന്‍റെ നിര്യാണത്തില്‍ സോഷ്യല്‍മീഡിയകള്‍ വഴി അനുശോചനം രേഖപ്പെടുത്തി.